പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവഗണനയുടെ തുടര്‍ച്ച; ഡിവൈഎഫ്‌ഐ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹവും കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ തുടര്‍ച്ചയുമാണെന്ന് ഡിവൈഎഫ്‌ഐ. ഇന്ത്യയിലെ പഴക്കം ചെന്ന റെയില്‍വേ ഡിവിഷനുകളില്‍ ഒന്നായ പാലക്കാട് ഡിവിഷന്‍ യുപിഎ സര്‍ക്കാറിന്റെ കാലത്ത് വിഭജിക്കുകയും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ചേര്‍ത്ത് മറ്റൊരു ഡിവിഷന്‍ രൂപീകരിക്കുകയും ചെയ്തിരുന്നു.

നിലവില്‍ പാലക്കാട് ഡിവിഷന്‍ വിഭജിച്ച് മംഗളുരു കേന്ദ്രീകരിച്ച് പുതിയ ഡിവിഷന്‍ രൂപീകരിക്കാനും പാലക്കാട് ഡിവിഷന്റെ ഭാഗങ്ങള്‍ അതില്‍ ഉള്‍പ്പെടുത്താനുമാണ് റെയില്‍വേയുടെ നീക്കം. ഇത് ഫലത്തില്‍ പാലക്കാട് ഡിവിഷന്‍ അടച്ചു പൂട്ടുന്ന സാഹചര്യത്തിലേക്ക് എത്തിക്കും. കേരളത്തിലെ റെയില്‍വേ വികസനത്തോടും ട്രെയിന്‍ യാത്ര സൗകര്യത്തോടും കാലങ്ങളായി മുഖം തിരിക്കുന്ന റെയില്‍വേയുടെ കടുത്ത അവഗണനയുടെ മറ്റൊരു രൂപമാണ് പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലൂടെ നടക്കുന്നത്.

ഇത് അനുവദിക്കാന്‍ വേണ്ടി പാടുള്ളതല്ല. പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി ഡിവൈഎഫ്‌ഐ രംഗത്തിറങ്ങുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

