കേന്ദ്ര ബജറ്റ്; കേരളത്തോട് പൂർണ അവഗണനയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

ബജറ്റിലൂടെ കേന്ദ്ര സർക്കാർ കേരളത്തോട് കാണിച്ചത് പൂർണ അവഗണനയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ആദായ നികുതിയിളവ് ദില്ലി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം വിമർശിച്ചു. “ഇന്ന് ബജറ്റ് അവതരിപ്പിക്കുമ്പോൾ രണ്ട് പരിഗണന മാത്രമായിരുന്നു ധനമന്ത്രിക്ക് ഉണ്ടായിരുന്നത്. സർക്കാരിനെ താങ്ങി നിർത്തുന്ന ബിഹാറിലെ ജെഡിയുവിനെ തൃപ്തിപ്പെടുത്തുക എന്നതായിരുന്നു ഒന്ന്. മറ്റൊന്ന് ദില്ലി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രഖ്യാപിച്ച ഇളവാണ്. കേരളത്തെ മാത്രമല്ല മറ്റ് പല സംസ്ഥാനങ്ങളെയും കേന്ദ്രം അവഗണിച്ചിട്ടുണ്ട്. ഇന്ത്യൻ സമ്പദ്ഘടനയെത്തന്നെ അവഗണിച്ച ബജറ്റായിരുന്നു ഇത്. അദ്ദേഹം പറഞ്ഞു.

അതേസമയം മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിൽ കേരളത്തെ പൂര്‍ണമായും തഴഞ്ഞു. വയനാടിന് സഹായമില്ല. ഒപ്പം വിഴിഞ്ഞതിനും ഒരു പരിഗണനയും ലഭിക്കാത്ത ബജറ്റില്‍ മലയോര ജനതയ്ക്കും നിരാശയാണ് ഫലം. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മലാ സീതാരാമന് ആരംഭിച്ച ബജറ്റില്‍ വലിയ പ്രതീക്ഷയോടെയാണ് കേരളവും നോക്കി കണ്ടത്.

വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജ് വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. 24,000 കോടി രൂപയുടെ കേരളം ആവശ്യപ്പെട്ട പാക്കേജ്, ശബരി റെയില്‍പാത, കെ റെയില്‍ തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചിട്ടില്ല. വയനാട് ദുരിതാശ്വാസത്തിനായി 2000 കോടിയുടെയും വന്യജീവി പ്രശ്നം പരിഹരിക്കാൻ 1000 കോടിയുടെയും പാക്കേജും രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിരുന്നു.

അതേസമയം ബിഹാറില്‍ മഖാന ബോര്‍ഡ്, പട്ന ഐഐടി വിപുലീകരിക്കും, ബിഹാറില്‍ ഫുഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ബിഹാറിനെ ഫുഡ് ഹബ്ബാക്കും, ബിഹാറില്‍ ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് തുടങ്ങിയ വാഗ്ദാനങ്ങളാണ് മോദി സര്‍ക്കാര്‍ നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബീഹാറിന് നല്‍കിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

