വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി
വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി തുരങ്കപാതയ്ക്ക് അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടനിറങ്ങും. ഇനി തുരങ്കപാത നിർമാണത്തിനുള്ള ടെണ്ടർ നടപടികളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാം. നാലുവരി പാതയ്ക്കാണ് അനുമതി നൽകിയത്.

ഇതോടെ കോഴിക്കോട് – വയനാട് ജില്ലകളുടെ സ്വപ്‌ന പദ്ധതിയായ തുരങ്കപാത യാഥാർത്ഥ്യത്തോട് അടുക്കുകയാണ്. താമരശ്ശേരി ചുരത്തിന് ബദലായാണ് ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി മേഖലയിലൂടെയാണ് തുരങ്കപാത നിർമിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാകും നിർമ്മാണം.

തുരങ്കപാത യാഥാർത്ഥ്യമായാൽ കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍നിന്ന് വെറും 16 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെ മേപ്പാടിയിലെത്താൻ സാധിക്കും. 2043.74 കോടി രൂപയാണ് തുരങ്കപാത നിർമാണത്തിന് പ്രതീക്ഷിക്കുന്ന ചിലവ്. കഴിഞ്ഞ വർഷം സെപ്‌തംബറിൽ ടെൻഡറായ തുരങ്കപാത നിർമാണത്തിനായി അന്തിമ പാരിസ്ഥിതികാനുമതിക്ക് വേണ്ടി കാത്തുനില്ക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിലയിരുത്തുന്ന പദ്ധതികളിലൊന്നാണ് കോഴിക്കോട് – വയനാട് ജില്ലകളുടെ സ്വപ്നപദ്ധതിയായ തുരങ്കപാത. 8.11 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈർഘ്യം. ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്‌റ്റം, ടെലിഫോൺ സിസ്‌റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്‌റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും. വയനാട്, കോഴിക്കോട് ജില്ലകളിൽ പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ് പൂർത്തിയായതാണ്.




