KOYILANDY DIARY.COM

The Perfect News Portal

കേന്ദ്രം സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു: ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്രം സംസ്ഥാനത്തെ വലിയതോതിൽ ശ്വാസം മുട്ടിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. കേന്ദ്ര വിഹിതത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ വലിയ കുറവാണ്‌ ഇത്തവണയുണ്ടായത്. പല സംസ്ഥാനങ്ങളും ചെലവിന്റെ 40 ശതമാനം സ്വയം വഹിച്ച് 60 ശതമാനത്തിനും കേന്ദ്രത്തെ ആശ്രയിക്കുമ്പോൾ കേരളം 70 ശതമാനവും സ്വയം വഹിക്കുകയാണ്. 30 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം.

കേന്ദ്രം വായ്‌പാ പരിധി വർധിപ്പിച്ചുനൽകാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ തനതു നികുതി, നികുതിയേതര വരുമാനം വർധിപ്പിച്ചും അനാവശ്യ ചെലവുകൾ ചുരുക്കിയും വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിഭവ സമാഹരണത്തിനുള്ള തീവ്ര യജ്ഞത്തിലാണ് സംസ്ഥാനം. ധനകാര്യകമീഷൻ നിശ്ചയിച്ചു നൽകുന്ന കടമെ‌ടുപ്പ് പരിധിയുടെ അടിസ്ഥാനത്തിലാണ് ബജറ്റ് തയ്യാറാക്കുന്നത്. എന്നാൽ, സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനി, കിഫ്ബി എന്നിവ എടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ കടമായി കൂട്ടി വായ്പാപരിധി വെട്ടിക്കുറക്കുകയാണ്‌ കേന്ദ്രം. ഇത്‌ ബജറ്റിൽ നിശ്‌ചയിച്ച പ്രകാരമുള്ള സംസ്ഥാനത്തിന്റെ വികസന മുൻഗണനകളെ താളംതെറ്റിക്കും.

കേന്ദ്ര നികുതി വരുമാനത്തിന്റെ ഡിവിസിബിൾ പൂളിൽനിന്ന് കേരളത്തിനുള്ള വിഹിതം ഓരോ വർഷവും കുറഞ്ഞുവരികയാണ്‌. 1980- 85ൽ 3.95 ശതമാനമായിരുന്നത്‌ ഇപ്പോൾ 1.92 ശതമാനമായി. ജനസംഖ്യാ നിയന്ത്രണ പരിപാടികൾ കാര്യക്ഷമമായി നടപ്പാക്കിയതും വികസന നേ‌ട്ടങ്ങൾ ആർജിച്ചതും കേരളത്തിന് വിഹിതം കുറയാൻ കാരണമായി. അശാസ്ത്രീമായി മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതാണ് ഇത്തരം വിവേചനങ്ങൾക്ക് കാരണം. നികുതിവിഹിതം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റംവരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

Advertisements
Share news