കേരളത്തിന് വീണ്ടും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേന്ദ്രം; കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു
.
കേരളത്തിന് മേൽ വീണ്ടും കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധം. കേരളത്തിനുള്ള കടമെടുപ്പ് പരിധിയാണ് വീണ്ടും കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൻ്റെ അവസാന പാദത്തിൽ 5944 കോടി രൂപയാണ് വെട്ടിക്കുറച്ചത്. അവസാന പാദത്തിൽ കേരളത്തിന് കടമെടുക്കാനുണ്ടായത് 12516 കോടി രൂപയാണ്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണിത്. ഇതിൽ നിന്നാണ് 5944 കോടി രൂപ ഇപ്പോൾ വെട്ടിക്കുറച്ചിരിക്കുന്നത്. ഇനി കേരളത്തിന് 6572 കോടി രൂപ മാത്രമാകും സമാഹരിക്കാൻ കഴിയുക.

വെട്ടിക്കുറക്കലുമായി ബന്ധപ്പെട്ട ഔദ്യോഗിക കത്ത് കേന്ദ്രം സംസ്ഥാന ധനകാര്യ വകുപ്പിന് അയക്കുകയും ചെയ്തു. ബജറ്റിന് പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും അടക്കമുള്ള സ്ഥാപനങ്ങൾ അധിക വായ്പ എടുത്തു എന്ന വിചിത്ര ന്യായമാണ് കേന്ദ്രം ഇതിന് കാരണമായി ഉന്നയിക്കുന്നത്.

വരുന്ന മാസങ്ങളിൽ കേരളത്തിന് വലിയ സാമ്പത്തിക ചെലവുകളാണ് വരാനിരിക്കുന്നത്. ജനുവരി മുതൽ മാർച്ച് വരെ കരാറുകാർക്ക് അടക്കം ബില്ലുകൾ പാസാക്കി നൽകാൻ മാത്രം 20,000 കോടി രൂപ വേണ്ടിവരും. ശമ്പളവും പെൻഷനും നൽകാൻ വേണ്ടി വരുന്നത് 15000 കോടി രൂപയിൽ ഏറെയാണ്. ഇതിന് പുറമെ നിയമസഭ തെരഞ്ഞെടുപ്പ് വർഷത്തിലേക്ക് കടക്കുന്ന വേളയിലും ചെലവുകൾ വർധിക്കും.

സംസ്ഥാനത്ത് വൻതോതിൽ ഉള്ള പണച്ചെലവ് പ്രതീക്ഷിച്ചിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ ബോധപൂർവ്വമായ നീക്കം. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ക്ഷേമ പ്രവർത്തനങ്ങളെയും വികസന പദ്ധതികളെയും സ്തംഭിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ.



