KOYILANDY DIARY

The Perfect News Portal

സെല്ലി കീഴൂരിൻ്റെ കവിത ‘മണിയൂരോർമ്മകൾ’

           കവിത
‘മണിയൂരോർമ്മകൾ’
അക്കരയിലെ ഓല മേഞ്ഞ തറവാട് വീട്ടിൽ
കരിയോലകൾ വഴിമാറുമ്പോൾ
ആകാശത്ത് നിലാവും
കണ്ട് ചക്കര ചോറിൻ്റെ ഏമ്പക്കത്തിൽ
ഉമ്മാമയുടെ കൂടെ ഒട്ടിക്കിടന്ന്
കിനാവ് കണ്ട ബാല്യം
പിറ്റേന്ന് ഗോപാലേട്ടനും
ചോയിട്ടേനും വന്ന് പച്ചോല വെച്ച്
പുര കെട്ടുമ്പോൾ കരിയോലകൾക്കിടയിലൂടെ
ഓടിക്കളിക്കുന്ന ചള്ള് ചെക്കന്
ഓലപ്പീപ്പിയും ഓല പന്തും
ഗോപാലേട്ടൻ്റെ വക സമ്മാനം
ഉമ്മയും ആമിന്ച്ചയും തിരക്കു പിടിച്ച് ഭക്ഷണം
ഉണ്ടാക്കുന്നുണ്ടാവും
കിഴങ്ങും പത്തിരിയും
ആവി പറക്കുന്ന നാടൻ മത്തിക്കറിയും
ഇക്കാക്ക അടക്ക ചുരണ്ടി
വെത്തിലയും പുകയിലയും ഒരുക്കി വെക്കുന്ന
തിരക്കിലാവും
ഗോപാലേട്ടൻ ഓലേമ്മന്ന് പാന്തോൻ
പൊളിച്ച് പുരക്ക് മുകളിലേക്കും 
കയറും. ചോയിയേട്ടൻ പുരപ്പുരത്ത്
ആദ്യം തന്നെ നിലയുറപ്പിച്ചിട്ടുണ്ടാവും
പിന്നെ ഇക്കാക്ക ഒരു കരിയോലയിൽ
ഒരു പച്ചോല ചേർത്ത് വെച്ച്  മുകളിലേക്ക്
എറിഞ്ഞ് കൊടുക്കും
നാടൻ കഥകളും തമാശയും പറഞ്ഞ്
പുര കെട്ട് പുരോഗമിക്കും
കൗതുകം വിട്ടുമാറത്തെ
ബാല്യത്തിൽ
മഞ്ഞിലെ ബുദ്ദുവിനെ ഓർമ്മിപ്പിക്കുന്ന
രൂപത്തിൽ കുഞ്ഞു സെല്ലി ഓടി കളിക്കുന്നുണ്ടാവും
എല്ലാം കഴിഞ്ഞ്  വൈകുന്നേരം ഉമ്മാൻ്റെ
കൂടെ കീഴൂരിലേക്ക് പോവാൻ വല്ലാത്ത
മടിയായിരിക്കും ഉമ്മാമൻ്റെ പിന്നിൽ മടിച്ച് നിൽക്കുന്ന എന്നെ ഉമ്മ പിടിച്ച് വലിച്ച് 
കൂട്ടികൊണ്ടു പോവും 
ഓട്ടോറിക്ഷയും ബസ്സും കാറും ബൈക്കും
കുറവുള്ള
ആ  കാലത്ത് കടവ്  ലക്ഷ്യമാക്കി
ഞാനും ഉമ്മയും നടക്കും ഉമ്മാമയെ വിട്ട് പിരിയുന്ന സങ്കടങ്ങൾ ഗദ്ഗദമായി ഉള്ളിൽ
തികട്ടി ഉമ്മാമയെ തിരിഞ്ഞു നോക്കുന്ന
എന്നെ ” ബീഉം പഹയ” എന്ന് പറയുന്ന
ഉമ്മയും …..
ഇക്കാക്കയും ഉമ്മയും ഉമ്മാമയും കൂടെയില്ല
ബാല്യ സന്തോഷങ്ങൾ സങ്കടങ്ങളായി
പരിണമിച്ച്………
     ✍️സെല്ലി കീഴൂർ