KOYILANDY DIARY.COM

The Perfect News Portal

ഒമാനിലെ സോഹാറിൽ റോഡപകടത്തിൽ മരിച്ച കീഴൂർ ചെറ്റയിൽ കുഞ്ഞമ്മദിനെക്കുറിച്ച് സെല്ലി കീഴൂരിൻ്റെ എഴുതിയ കുറിപ്പ്

പയ്യോളി: കഴിഞ്ഞദിവസം ഒമാനിലെ സോഹാറിൽ റോഡ് അപകടത്തിൽ മരിച്ച ആത്മസുഹൃത്തായ കീഴൂർ ചെറ്റയിൽ കുഞ്ഞമ്മദിനെക്കുറിച്ച് എഴുത്തുകാരനായ സെല്ലി കീഴുരിൻ്റെ ഹൃദയസ്പർശിയായ കുറിപ്പ്..
.
എല്ലാവരെയും കണ്ണീരിലാഴ്ത്തി ആറടി മണ്ണിലേക്ക് കുഞ്ഞമ്മദ്ക്ക യാത്രയായി. എപ്പോഴും പുഞ്ചിരിയോടെ സംസാരിക്കുന്ന ഒരുപാട് സൗഹൃദം കാത്തുസൂക്ഷിക്കുന്ന കുഞ്ഞമ്മദ്ക്ക ദേഷ്യപ്പെടുന്നത് അല്ലെങ്കിൽ ഒന്ന് കയർക്കുന്നത് ഒരു പക്ഷെ ഇതുവരെ ആരും കണ്ടിട്ടുണ്ടാവില്ല. ആ മുഖസൗന്ദര്യം പോലെ തന്നെ ആയിരിക്കാം അദ്ദേഹത്തിന്റെ മനസ്സും 
എന്റെ ഉമ്മ മരിച്ചപ്പോൾ വലിയ സങ്കടം കുഞ്ഞമ്മദ്ക്കാക്ക് ഉണ്ടായിരുന്നു.
ആ ചിരി മനസ്സിൽ നിന്നും മായില്ല എന്ന് എപ്പോൾ കാണുമ്പോഴും പറയുമായിരുന്നു. അതുപോലെ ഞങ്ങളുടെ രണ്ടു പേരുടെയും പ്രിയപ്പെട്ടവൻ ചെറ്റയിൽ  മഹറൂഫിന്റെ വിയോഗവും.
.
ആളുകളോട് സംസാരിക്കുമ്പോൾ തമാശ കലർത്തി സംസാരിക്കാൻ വല്ലാത്തൊരു വൈദഗ്ധ്യം കുഞ്ഞമ്മദ്ക്കാക്ക് ഉണ്ടായിരുന്നു. അത് മനപ്പൂർവ്വം ആയിരുന്നില്ല സ്വതസിദ്ധ ശൈലി തന്നെ ആയിരുന്നു. മേമ്പൊടിയായി ശരീരം കുലുക്കിയുള്ള ഒരു ചിരിയും ഉണ്ടാവും നമ്മൾ ഒരു ചെറിയ തമാശ പറഞ്ഞാൽ പോലും അത് കേട്ട് ഉറക്കെ പൊട്ടിച്ചിരിക്കുകയും ചെയ്യും.
എന്റെ കുട്ടിക്കാലത്ത് എവിടെ കണ്ടാലും എന്താക്കോ എന്ന് ചോദിക്കും. ഞാൻ ഒന്നു മുതിർന്നപ്പോൾ  ജേഷ്ഠസഹോദരനോടന്ന പോലെ എല്ലാ കാര്യങ്ങളും ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. കുഞ്ഞമ്മദുക്കയുടെ സൗഹൃദ വലയം മനസ്സിലാക്കുന്ന രീതിയിൽ തന്നെയായിരുന്നു കീഴൂർ യാത്രയയപ്പ് നൽകിയത്. മയ്യത്ത് നിസ്കാരത്തിന് കീഴൂർ പള്ളി നിറഞ്ഞു കവിഞ്ഞിരുന്നു. എന്ന് എന്റെ സുഹൃത്തിനെ വിളിച്ചപ്പോൾ അവൻ പറഞ്ഞിരുന്നു. ഞാൻ എപ്പോൾ കാണുമ്പോഴും പാവങ്ങളുടെ എം കെ മുനീർ എന്നാണ് വിളിച്ചിരുന്നത്. അത് കേട്ടാൽ ഉറക്കെ ചിരിക്കും നമ്മൾ എന്തെങ്കിലും ബഡായി വിട്ടാൽ കൊച്ചുകള്ളാ എന്ന് പറഞ്ഞ് ചിരിക്കും. ആ വാക്ക് ഏറ്റവും കൂടുതൽ കേട്ടത് കുഞ്ഞമ്മദ്ക്കയുടെ വായിൽ നിന്നാണ്.
പ്രവാസംകൊണ്ട് നമുക്കുണ്ടാവുന്ന വലിയ നഷ്ടം പലപ്പോഴും പലരെയും നമുക്ക് കാണാൻ സാധിക്കില്ല. ഈ അടുത്തകാലത്തൊന്നും കുഞ്ഞമ്മദ്ക്കയെ ഞാൻ കണ്ടിട്ടില്ല കുഞ്ഞമ്മദ്ക്ക എന്റെ മനസ്സിൽ അവസാന കാഴ്ചയായി അവശേഷിക്കുന്നത് പള്ളിയുടെ മുൻപിൽ മീൻ വിൽക്കുന്ന കുഞ്ഞമ്മദ്ക്കയെയാണ്. ഞാൻ ഇപ്രാവശ്യം നാട്ടിൽ പോകുന്ന തൊട്ടു മുമ്പാണ് അദ്ദേഹം ഒമാനിലേക്ക് പോയത് എന്നാണ് അറിയാൻ കഴിഞ്ഞത്.
എന്തു പറയുമ്പോഴും റബ്ബ് കാക്കട്ടെ അള്ള കാക്കട്ടെ എന്ന് കുഞ്ഞമ്മദ്ക്ക എപ്പോഴും പറയുമായിരുന്നു. ആ പ്രാർത്ഥന പോലെ തന്നെ അല്ലാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. ആ പുഞ്ചിരി എന്നും ഈ മനസ്സിലുണ്ട്.
സ്നേഹത്തോടെ പ്രാർത്ഥനയോടെ,
സെല്ലി കീഴുർ.
Share news