ശ്രീ ഗുരുപൂജാ മഹോത്സവം ആഘോഷിച്ചു

പേരാമ്പ്ര: ശ്രീ ഗുരുപൂജാ മഹോത്സവം ആഘോഷിച്ചു. ലോക ഗുരുവായ ഭഗവാൻ വ്യാസമഹർഷിയുടെ ജന്മദിനം വിവിധ പരിപാടികളോടെ വേദവ്യാസ വിദ്യാപീഠം പേരാമ്പ്രയിൽ ആഘോഷിച്ചു. വ്യാസജയന്തി ദിനത്തിൽ സമൂഹത്തിലെ ഗുരുതുല്യരായ വ്യക്തികളെ വിദ്യാലയത്തിൽ വെച്ച് പാദപൂജ ചെയ്യുകയും ആരതി ഉഴിയുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്യുന്ന വിശിഷ്ഠമായ ചടങ്ങാണ് നടന്നിട്ടുള്ളത്.

തങ്ങളുടെ ജീവിത സായാഹ്നത്തിൽ, ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത വ്യത്യസ്ഥമായ ആദരണ ചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചതിന് സർവ്വേശ്വരനോട് നന്ദി പ്രകാശിപ്പിക്കുന്നുവെന്ന് സന്തോഷത്താൽ ഈറനണിഞ്ഞ കണ്ണുകളോടെ ഓരോ ഗുരുക്കന്മാരും മറുമൊഴി പറയുകയുണ്ടായി. പ്രശസ്ത ചിത്രകാരൻ വിനോദ് പട്ടാണിപ്പാറ, തെയ്യം കലാകാരൻ സനീഷ് പണിക്കർ, നൃത്താധ്യാപിക വിദ്യാ ശ്രീജിത്ത്, ഗായകൻ പ്രണവം പ്രദീപ്, സംസ്കൃതപണ്ഡിതൻ വിജയൻ മാസ്റ്റർ എന്നീ സമൂഹത്തിൻ്റെ വിവിധ തുറകളിൽ കഴിവു തെളിയിച്ച, മാതൃകാ ജീവിതം നയിക്കുന്ന, സമൂഹത്തെ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കുന്ന ഗുരു കാരണവൻമാരാണ് ഇന്ന് ആദരിക്കപ്പെട്ടിട്ടുള്ളത്.

മുഴുവൻ കുട്ടികളും, രക്ഷിതാക്കളും വിദ്യാലയത്തിലെത്തിയ മറ്റെല്ലാവരും ചേർന്ന്, ഗുരുഭക്തി ജ്വലിപ്പിക്കുന്ന മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ഗുരുക്കൻമാരെ പാദപൂജ ചെയ്തും ആരതി ഉഴിഞ്ഞും ഭാരതീയ ഗുരുസങ്കല്പത്തിൻ്റെ മഹത്വം ദൃശ്യവത്കരിക്കപ്പെട്ട ചടങ്ങ് ഏറെ ഭക്തിനിർഭരവും പ്രതീക്ഷാനിർഭരവുമായിരുന്നു. ആഘോഷ പരിപാടികൾ വിദ്യാലയ സമിതി പ്രസിഡണ്ട് പി സി സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി കെ പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.

ക്ഷേമസമിതി പ്രസിഡണ്ട് പ്രസൂൺ കല്ലോട്, മാതൃഭാരതി വൈസ് പ്രസിഡണ്ട് തുഷാര, ശിശു വാടിക സമിതി പ്രസിഡണ്ട് ലളിതാംബിക, സെക്രട്ടറി Adv ശ്രുതി രാഗേഷ്, വിദ്യാലയ സമിതി സെക്രട്ടറി അമരേഷ് കെ എം, ദീപ എൻ എസ് എന്നിവർ സംസാരിച്ചു. ഗുരുപൂജാ ചടങ്ങിൽ വെച്ച് കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെയും, രക്ഷിതാക്കൾക്കു വേണ്ടി നടത്തിയ ലിറ്റററി ക്വിസ് മത്സരത്തിലെ വിജയികളെയും അനുമോദിക്കുകയുണ്ടായി. വിദ്യാലയ സമിതി ട്രഷറർ സുധീർ മാസ്റ്റർ, ജോ. സെക്രട്ടറി ബിജു കിഴക്കൻ പേരാമ്പ്ര, ഷാജി പൂതേരി, രഞ്ജിത് കല്ലോട്, പ്രീതി ടീച്ചർ, അജിത സുരേന്ദ്രനാഥ്, അംബിക ടീച്ചർ എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.
സീമ ചേച്ചിയുടെ നേതൃത്വത്തിൽ അഗ്നിഹോത്രത്തോടെ ആരംഭിച്ച ഭവ്യമായ ശ്രീ ഗുരുപൂജാ മഹോത്സവം ഗുരുക്കന്മാരായ പ്രണവം പ്രദീപിൻ്റെയും സനീഷ് പണിക്കരുടെയും ഗാനാലാപനത്തോടെ സമാപിച്ചു. തുടർന്ന് മധുരവിതരണവും ഉണ്ടായിരുന്നു.
