KOYILANDY DIARY

The Perfect News Portal

ഇഡി തോറ്റപ്പോൾ കെജ്രിവാളിനെ കുടുക്കാൻ സിബിഐ

ന്യൂഡൽഹി: ഇഡി തോറ്റപ്പോൾ കെജ്രിവാളിനെ കുടുക്കാൻ സിബിഐ.. ഇഡി ചുമത്തിയ മദ്യനയക്കേസിൽ ജാമ്യം ലഭിക്കുമെന്ന ഘട്ടമെത്തിയതോടെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന് കെജ്‌രിവാളിനെ സിബിഐ തിടുക്കപ്പെട്ട് അറസ്റ്റുചെയ‌ത്. തിഹാർ ജയിലിലുള്ള കെജ്‌രിവാളിന്റെ ജാമ്യഹർജി ബുധനാഴ്‌ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നാടകീയ നീക്കം. കേജ്‌രിവാൾ പുറത്തിറങ്ങരുതെന്ന് നിർബന്ധമുള്ളതുപോലെയാണ് കേന്ദ്രഏജൻസി തിടുക്കപ്പെട്ട് നടപടികൾ നീക്കിയത്. അടിയന്തിരാവസ്ഥയുടെ 49-ാം വാർഷിക ദിനത്തിലെ ഈ നടപടി അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലെന്ന പോലെയായി.
സിബിഐ സംഘം ചൊവ്വ രാത്രി തിഹാറിലെത്തി രണ്ടുവർഷംമുമ്പുള്ള കേസിൽ ചോദ്യം ചെയ്തു. ബുധനാഴ്‌ച റൗസ് അവന്യുവിലെ സിബിഐ കോടതിയിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തി. അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജഡ്‌ജി അമിതാബ് റാവത്ത്, കെജ്‌രിവാളിനെ മൂന്നു ദിവസത്തെ കസ്റ്റഡിയിൽവിട്ടു ദിവസം അരമണിക്കൂർ അഭിഭാഷകരുമായി കൂടിക്കാഴ്ച്‌ച നടത്താൻ അനുമതി നൽകി.
Advertisements
ചോദ്യം ചെയ്യലും അറസ്റ്റ് നീക്കവും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കെജരിവാളിന്റെ അഭിഭാഷകൻ വിക്രം ചൗധരി ചൂണ്ടിക്കാട്ടി. ഇതോടെയാണ് സിബിഐ രേഖകൾ കൈമാറിയത്. മദ്യനയം സംബന്ധിച്ച് 2022ൽ രജിസ്റ്റർ ചെയ്‌ത കേസിൽ സാക്ഷിയായ കെജ്‌രിവാളിന്റെ മൊഴി 2023ൽ രേഖപ്പെടുത്തിയിരുന്നു. അതേ കേസിൽ മുൻറിയിപ്പില്ലാതെ കെജ്‌രിവാളിനെ അറസ്റ്റുചെയ്തതിന്റെ യുക്തിയെന്തെന്ന് അഭിഭാഷകർ ആവർത്തിച്ച് ചോദിച്ചിട്ടും സിബിഐയ്ക്ക് ഉത്തരമുണ്ടായില്ല. ജാമ്യം തടയാനായുള്ള അറസ്റ്റ് അധികാരദുർവിനിയോഗമാണ്. മദ്യനയ അഴിമതിയിൽ കെജ്‌രിവാളിന് പങ്കുണ്ടെന്ന് പറയുന്നതല്ലാതെ തെറ്റിവ് നൽകാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്നും ചൗധരി പറഞ്ഞു.
ഇഡിയുടെ കള്ളപ്പണക്കേസിൽ വിചാരണക്കോടതി 20ന് കെജ്‌രിവാളിന് ജാമ്യം നൽകിയിരുന്നുവെങ്കിലും ഹൈക്കോടതി സിംഗിൾബെഞ്ച് സ്റ്റേചെയ്‌തു. ഈ നടപടി അസാധാരണമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സിംഗിൾബെഞ്ച് നടപടിക്കെതിരായ ഹർജിയാണ് ബുധനാഴ്ച്‌ച സുപ്രീംകോടതി പരിഗണിക്കാനിരുന്നത്. അറസ്റ്റുചെയ്‌ത സാഹചര്യത്തിൽ ഹർജി കെജ്‌രിവാൾ പിൻവലിച്ചു. പുതുക്കിയ ഹർജി നൽകും. കസ്റ്റഡി അപേക്ഷയിൽ വാദം നടക്കുന്നതിനിടെ കെജ്‌രിവാളിന്റെ രക്തത്തിലെ പഞ്ചാസാരയുടെ അളവ് കുറഞ്ഞു. തൊട്ടടുത്തുള്ള മുറിയിലേക്ക് അദ്ദേഹത്തെ മാറ്റി കെജ്‌രിവാളിൻ്റെ ഭാര്യ സുനിതയും കോടതിയിലെത്തി.