കോഴിക്കോട് സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസ്: ആര്‍എസ്എസ് പ്രവര്‍ത്തകൻ പിടിയില്‍

കോഴിക്കോട് പയ്യോളിയിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ബോംബറിഞ്ഞ ആര്‍എസ്എസ് പ്രവർത്തകൻ പിടിയിൽ. പയ്യോളി അയനിക്കാട് സ്വദേശി ഷിജേഷിനെയാണ് പയ്യോളി പൊലീസ് ആലപ്പുഴ ചേർത്തലയിൽ നിന്ന് പിടികൂടിയത്. നാലുവർഷമായി ഒളിവിൽ കഴിയുകയായിരുന്നു.

പയ്യോളി ഏരിയയിലെ ചാത്തമംഗലം ബ്രാഞ്ച് സെക്രട്ടറി പി സുബീഷിൻ്റെ വീട്ടിലേക്ക് ബോംബ് എറിഞ്ഞ കേസിലും മാറ്റൊരു സിപിഐഎം പ്രവർത്തകൻ്റെ വീട് ആക്രമിച്ച കേസിലുമാണ് ഇയാൾ പിടിയിലായത്. ആലപ്പുഴ ചേർത്തലയിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു.

2021 ഫെബ്രുവരി 18ന് രാത്രി 12 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഇതിനുമുമ്പ് സിപിഐഎമ്മിൻ്റെ മറ്റൊരു പ്രവർത്തകനായ ആവിതാര ഗരേഷിൻ്റെ വീടാക്രമിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. പ്രതിയെ പയ്യോളി കോടതിയിൽ ഹാജരാക്കി.

