KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്

മലപ്പുറം: മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കേസെടുത്തു. കൊണ്ടോട്ടി ചാലിൽ സ്വദേശി ബീരാൻകുട്ടി (30)ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ​ഗാർഹിക പീഡനം, സ്ത്രീധന പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ മലപ്പുറം വനിതാ പൊലീസിൽ യുവതി പരാതി നൽകിയിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെതിരെ കേസെടുത്തത്.

ഭർത്താവ് ഫോണിലൂടെ മൂന്നും ചൊല്ലി വിവാഹം വേർപ്പെടുത്തിയതായാണ് യുവതിയുടെ പരാതി. ത​ന്റെ പിതാവി​നെ ഫോണിൽ വിളിച്ച് അധിക്ഷേപ വാക്കുകൾ വിളിച്ച അപമാനിച്ചതിനു ശേഷം മൂന്നും ചൊല്ലി (മുത്തലാഖ്) യതായി പറഞ്ഞുവെന്നാണ് യുവതി മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയത്. ജനുവരി 10 നാണ് സംഭവം.

 

2023 ജൂലൈയിലാണ് യുവതിയും വീരാൻകുട്ടിയുമായി വിവാഹം നടക്കുന്നത്. ഇവർക്ക് ഒരു വയസുളള കുഞ്ഞുണ്ട്. ഭർതൃവീട്ടുകാരുമായുളള അസ്വാരസ്യത്തെ തുടർന്ന് കുറച്ചു കാലമായി യുവതി ഊരകത്തെ കുടുംബ വീട്ടിലാണ് താമസിക്കുന്നത്. ഇതിനിടെയാണ് ജനുവരി 10ന് തിരിച്ചറിയാത്ത നമ്പറിൽ നിന്നും യുവതിയുടെ പിതാവിനെ ബീരാൻകുട്ടി വിളിക്കുന്നത്. ഫോൺ എടുത്തയുടനെ തന്നെ പിതാവിനോട് മോശമായി സംസാരിച്ചു. തുടർന്ന് വാക്കുതർക്കമുണ്ടായി.

Advertisements

 

സംസാരത്തിനൊടുവിലാണ് ബീരാൻകുട്ടി യുവതിയുടെ പിതാവിനെ അസഭ്യം പറഞ്ഞുകൊണ്ട് മകളെ മൂന്നും ചൊല്ലിയിട്ടുണ്ടെന്ന് പറയുന്നത്. ‘എവിടെ വേണമെങ്കിലും ഒപ്പിട്ടോ… ഞാൻ മൂന്നും ചൊല്ലി’ എന്നു പറയുന്നത്. ‘എവിടെ വേണമെങ്കിലും ഒപ്പിട്ടോ… ഞാൻ മൂന്നും ചൊല്ലി’ എന്നു പറയുന്ന ശബ്ദരേഖ യുവതിയുടെ പിതാവ് പൊലിസിന് നൽകിയിട്ടുണ്ട്. വെളളിയാഴ്ച്ച വൈകിയിട്ടോടെ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. വിശദമായ അന്വേഷണത്തിനായി യുവതിയുടെ പിതാവി​ന്റെ ഫോൺ കസ്റ്റെഡിയിലെടുത്തിട്ടുണ്ട്.

 

 

Share news