സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയുള്ള കേസ്; കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്

സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയുള്ള ലൈംഗിക ആരോപണ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. ലൈംഗിക ചുവയുള്ള സന്ദേശങ്ങളും, സ്ക്രീന്‍ ഷോര്‍ട്ടുകളും കണ്ടെത്തി. ചൈതന്യാനന്ദക്ക് ഒത്താശ ചെയ്ത സ്ഥാപനത്തിലെ രണ്ട് വനിതാ സഹായികളെയും പൊലീസ് പിടികൂടി. അതേസമയം ചൈതന്യാനന്ദ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

കേസിലെ നിര്‍ണായക തെളിവുകളാണ് ചൈതന്യാനന്ദയുടെ മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. ലൈംഗിക ഉദ്ദേശത്തോടെ പെണ്‍കുട്ടികള്‍ക്ക് അയച്ച മെസേജുകളാണ് ഏറെയും. വിമാനത്തിലെ വനിത കാബിന് ക്രൂവിനൊപ്പം നില്ക്കുന്ന ചിത്രങ്ങളും, പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ സ്ക്രീന്‍ഷോട്ടുകളും കണ്ടെത്തി. ചൈതന്യാനന്ദക്ക് ഒത്താശ ചെയ്ത സ്ഥാപനത്തിലെ രണ്ട് വനിത ജീവനക്കാരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ചൈതന്യാനന്ദയ്ക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കളെ വിളിച്ചു ഭീഷണിപ്പെടുത്തിയ സഹായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ സ്വദേശി ഹരിസിങ് കോപോതിയാണു പിടിയിലായത്. പെണ്‍കുട്ടികളുടെ ശുചിമുറികളുടെ മുന്നില്‍ സിസിടിവി ക്യാമറവെച്ചു എന്നതടക്കമുള്ള ഒട്ടുമിക്ക ആരോപണങ്ങളും പൊലീസ് ശരിവെച്ചു. ഒളിവില്‍ പോയ ചൈതന്യാനന്ദ വൃന്ദാവന്‍, മഥുര, ആഗ്ര തുടങ്ങിയ സ്ഥലങ്ങളില്‍ 15 ഹോട്ടലുകളില്‍ മാറിത്താമസിച്ചിരുന്നതായാണ് വിവരം.

അതേസമയം ചൈതന്യാനന്ദ കേരളത്തിലും പ്രവര്‍ത്തിച്ചുവെന്നാണ് വിവരം. എറണാകുളത്തെ ശ്രീരാമകൃഷ്ണ മഠം ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന സ്വാമിയെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്ന്ന്പുറത്താക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ചൈതന്യാനന്ദയ്ക്കെതിരെ നടപടി കടുപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

