യാനിക് സിന്നറിനെ വീഴ്ത്തി; യുഎസ് ഓപ്പണ്‍ കിരീടം കാര്‍ലോസ് അല്‍ക്കരാസിന്

യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ സ്‌പാനിഷ് താരം കാർലോസ് അൽകാരസിന് മിന്നുന്ന വിജയം. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ യാനിക് സിന്നറിനെ പരാജയപ്പെടുത്തിയാണ് സ്പാനിഷ് താരം വിജയകിരീടം സ്വന്തമാക്കിയത്. തന്റെ രണ്ടാമത്തെ യുഎസ് ഓപ്പണ്‍ കിരീടവും ആറാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടവും ആണിത്. 6-2, 3-6, 6-1, 6-4 എന്ന സ്‌കോറിനാണ് വിജയം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മത്സരം വീക്ഷിക്കാനെത്തിയിരുന്നത് ശ്രദ്ധേയമായി.

ഈ വർഷം ഇതു മൂന്നാം തവണയാണ് ഗ്രാൻഡ്സ്‍ലാം ഫൈനലിൽ അൽകാരസും സിന്നറും നേർക്കുനേർ വരുന്നത്. ഒരു സിംഗിൾ സീസണിലെ മൂന്ന് ഗ്രാൻഡ്‍സ്‍ലാം ഫൈനലുകളിൽ ഒരേ പുരുഷ താരങ്ങൾ നേർക്കുനേർ വരുന്നത് ടെന്നിസ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ്. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസും വിമ്പിൾഡനിൽ സിന്നറും പരസ്പരം പോരാടി വിജയിച്ചു.

ഫ്രഞ്ച് ഓപ്പണിലെ ഇരുവരുടേയും പോരാട്ടം അഞ്ച് മണിക്കൂർ 29 മിനിറ്റാണു നീണ്ടത്. ഫ്രഞ്ച് ഓപ്പണിലെ ദൈർഘ്യമേറിയ ഫൈനലും ഇതു തന്നെ. യുഎസ് ഓപ്പണിലെ വിജയത്തോടെ സീസണിൽ സിന്നറും അൽകാരസും രണ്ടു ഗ്രാൻഡ്സ്‍ലാമുകൾ വീതം വിജയിച്ചു.

