ചാലിയം തീരത്ത് കൂറ്റൻ ഡോൾഫിന്റെ ജഡം കണ്ടെത്തി

കടലുണ്ടി: ചാലിയം തീരത്ത് കൂറ്റൻ ഡോൾഫിന്റെ ജഡം കണ്ടെത്തി. ചാലിയം പുലിമുട്ടിന് സമീപത്തെ കടൽത്തീരത്താണ് ഡോൾഫിന്റെ ജഡം ഒഴുകുന്നത് തീരവാസികൾ കണ്ടത്. തുടർന്ന്, വടംകെട്ടി കരയ്ക്കടുപ്പിക്കുകയായിരുന്നു. രണ്ട് മീറ്ററിലേറെ നീളമുണ്ട്. ഒരാഴ്ചയിലേറെ പഴക്കമുള്ള ജഡം അഴുകിത്തുടങ്ങിയിരുന്നു.

വനംവകുപ്പ് അധികൃതർ അറിയിച്ചതിനെ തുടർന്ന് കടലുണ്ടി മൃഗാശുപത്രിയിലെ സർജൻ ഡോ. എം ആനന്ദ് എത്തി പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന്, മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് തീരത്ത് സംസ്കരിച്ചു. പഞ്ചായത്ത് അംഗം ടി കെ റബീലത്ത്, താമരശേരി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ ദിദീഷ്, കെ പി ജലീൽ എന്നിവർ സ്ഥലത്തെത്തി.
