കോപ്പ അമേരിക്കയിൽ കാലിടറി കാനറികൾ പുറത്തേക്ക്; ഉറുഗ്വേയുടെ വിജയം പെനാൽറ്റി ഷൂട്ടൗട്ടിൽ

കോപ്പ അമേരിക്കയിൽ ബ്രസീലിനെ പരാജയപ്പെടുത്തി ഉറുഗ്വേ സെമി ഫൈനൽ യോഗ്യത നേടി. ഇന്ത്യൻ സമയം 6:30 ന് നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഉറുഗ്വേയുടെ വിജയം. നിശ്ചിത സമയത്തിനുള്ളിൽ ഇരു ടീമുകളും ഗോളുകൾ ഒന്നും നേടാതെ വന്നതോടെ മത്സരം സമനിയിലാവുകയും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയുമായിരുന്നു.

ബ്രസീൽ ആരാധകരെ തീർത്തും നിരാശയിലാക്കുന്ന തരത്തിലാണ് ടീം ആദ്യപകുതിയിൽ കളിച്ചത്. ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ കഴിയാതെ വന്നതും ഒത്തിണക്കമിലാത്ത മുന്നേറ്റങ്ങളുമാണ് ബ്രസീലിനെ തോൽവിയിലേക്ക് നയിച്ചത്. ഉറുഗ്വേയാകട്ടെ അവരുടെ സ്ഥിരം ശൈലിയിൽ പ്രതിരോധത്തിന് പ്രാധാന്യം നൽകികൊണ്ട് തന്നെയാണ് കളിക്കളത്തിൽ നിലകൊണ്ടത്.

കോപ്പ അമേരിക്ക 2021 ൽ ബ്രസീൽ ഫൈനലിൽ പ്രവേശിച്ചിരുന്നു. എന്നാൽ സെമി പോലും കാണാതെയുള്ള കാനറികളുടെ ഈ മടക്കത്തെ ഏറെ നിരാശയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. ഖത്തറിൽ നടന്ന ലോകകപ്പിൽ പോലും ബ്രസീലിന് തങ്ങളുടെ ഫുട്‍ബോൾ ചരിത്രത്തോട് പോലും നീതി പുലർത്താൻ കഴിഞ്ഞിരുന്നില്ല.
