മദ്യപിച്ച് കളിപ്പാട്ട കാർ ഓടിച്ചു; കനേഡിയൻ പൗരന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി

മദ്യപിച്ച് വാഹനം ഓടിക്കുന്നത് ലോകത്തെല്ലായിടത്തും ഗുരുതരമായി ഗതാഗത നിയമ ലംഘനമാണ്. അത്തരത്തില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒരു കനേഡിയൻ പൗരന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ഇതിലെ രസകരമായ വസ്തുത എന്തെന്നാൽ ഇയാൾ ഓടിച്ചിരുന്നത് ഒരു പിങ്ക് ടോയ് ബാർബി ജീപ്പായിരുന്നു.

കാസ്പർ ലിങ്കൺ എന്നയാളുടെ ലൈസൻസാണ് മദ്യപിച്ച് വാഹനമോടിച്ചതിന് റദ്ദാക്കിയിരിക്കുന്നത്. സെപ്റ്റംബർ 5 നായിരുന്നു സംഭവം. നിക്കോൾസൺ സ്ട്രീറ്റിന് സമീപമുള്ള 15-ാം അവന്യൂവിലൂടെ ഏവിയേറ്റർ സൺഗ്ലാസ് ധരിച്ച് ടോയി കാർ ഓടിച്ച് വരുമ്പോഴായിരുന്നു പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

രാവിലെ 9.00 മണിക്ക് തിരക്കുള്ള റോഡിലൂടെയായിരുന്നു ഇയാൾ കളിപ്പാട്ട വാഹനത്തിൽ യാത്ര ചെയ്തത്. സ്ലർപീ കഴിക്കാൻ വേണ്ടി റൂംമേറ്റിന്റെ കുട്ടിയുടെ വാഹനം കടം വാങ്ങി പോകുകയായിരുന്നു എന്നാണ് സംഭവത്തെ പറ്റി കാസ്പർ പറയുന്നത്. ഇയാളെ കസ്റ്റഡിയിൽ എടുത്തപ്പോഴാണ് മദ്യപിച്ചിരിക്കുന്നതിന്റെ ലക്ഷണം കണ്ടത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ നിയമപരമായ പരിധിക്കും മുകളിലായി ഇയാൾ മദ്യപിച്ചിരിക്കുന്നതായി കണ്ടെത്തിയെന്നും തുടർന്ന് ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുവെന്നുമാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് സംഭവത്തെ പറ്റി വിശദീകരിക്കുന്നത്.

