KOYILANDY DIARY.COM

The Perfect News Portal

കോവിഡ് കാലത്തെ വാഗ്ദാനം പാലിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ

.
കൊയിലാണ്ടി: ബസ് ഉടമകൾക്ക് സർക്കാർ കോവിഡ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ കൊയിലാണ്ടി താലൂക്ക് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സുനിൽ പരക്കണ്ടിയുടെ അധ്യക്ഷതയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി മനോജ് കെ.കെ. ഉദ്ഘാടനം ചെയ്തു. സുനിൽ ശ്രീരാം, ടി. കെ. ദാസൻ, രഘുനാഥ് അരമന, ശിവൻ മഠത്തിൽ, സത്യൻ. എ. വി, സുരേഷ് മുചുകുന്ന്, സുരേന്ദ്രൻ. എസ്. എസ് എന്നിവർ സംസാരിച്ചു.
.
.
കോവിഡ് കാലത്ത്  ദുരിതമനുഭവിച്ച വിഭാഗങ്ങളെയൊക്കെ ചേർത്തുപിടിച്ച സർക്കാരിന്റെ പ്രവർത്തനം പ്രശംസ പിടിച്ചു പറ്റിയതായിരുന്നു. മാസങ്ങളോളം നിർത്തിയിട്ടതിന്റെ ഭാഗമായി ബസുകളിൽ പലതും കട്ടപ്പുറത്തായിരുന്നു. ലക്ഷങ്ങൾ മുടക്കിയാണ് പലരും വീണ്ടും സർവീസ് ആരംഭിച്ചത്. സർക്കാറിന്റെ തീരുമാനപ്രകാരം കെ. ഡി. സി ബാങ്കിൽ നിന്നും 2 ലക്ഷം രൂപ 4% പലിശയ്ക്ക് ലഭിച്ചത് ഏറെ ആശ്വാസകമായിരുന്നു. എന്നാൽ കെ. ഡി.സി. ബാങ്ക് കേരള ബാങ്ക് ആയി പരിണമിച്ചപ്പോൾ സാങ്കേതികത്വം പറഞ്ഞ് ബാങ്ക് അധികൃതർ പലിശ നിരക്ക് കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്.
.
.
ഇത് നിലവിൽ ഏറെ പ്രതിസന്ധികളിലൂടെ കടന്ന് പോവുന്ന ബസ്സ് ഉടമകൾക്ക് താങ്ങാൻ കഴിയില്ല. പ്രസ്തുത പലിശ നിരക്ക് പഴയതിലേക്ക് മാറ്റി നൽകുന്നതിന് കേരള ബാങ്കിന് സർക്കാർ  നിർദേശം നൽകണമെന്ന് പ്രവർത്തകസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രമേയം താലൂക്ക് ജോയിന്റ് സെക്രട്ടറി സുരേഷ് മുചുകുന്ന് അവതരിപ്പിച്ചു.
.
.
ദേശീയപാത അഴിയൂർ വെങ്ങളം റീച്ച് പ്രവർത്തി  ഉപകരാറിലൂടെ ഏറ്റെടുത്ത് നടത്തുന്ന വഗാഡ് ഇൻഫ്ര പ്രോജക്ട് പ്രൈവറ്റ് കമ്പനിയുടെ നിർമ്മാണ പ്രവർത്തനം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം കാരണം മഴക്കാലം വെള്ളം കെട്ടിക്കിടന്ന് റോഡ് തകർന്നു. സർവീസ് റോഡ് പലയിടങ്ങളിലും അഞ്ചു മീറ്ററിൽ കുറവായതിനാൽ വലിയ വാഹനങ്ങൾ കുടുങ്ങിക്കിടന്ന് വാഹന ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്.  ടോൾ പിരിവിന് തിടുക്കം കാണിക്കുന്നവർ  റോഡുകളുടെ നിർമ്മാണം കാര്യക്ഷമായി പൂർത്തീകരിക്കാൻ  കാണിക്കുന്നതിലെ അലംഭാവത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.  പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പു നൽകി.
Share news