കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് അപകടം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് അപകടം. ഉപയോഗിക്കാതിരുന്ന വാർഡിനോട് ചേർന്നുള്ള കുളിമുറിയുടെ പിൻവശമാണ് തകർന്നത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണു റിപ്പോർട്ടുകൾ.

ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി എൻ വാസവനും സ്ഥലത്തെത്തി. കെട്ടിടം അടച്ചിട്ടിരുന്നതാണെന്നും പുതിയ കെട്ടിടം നിർമാണം പൂർത്തിയാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചതാണ്. മറ്റുവിവരങ്ങൾ പരിശോധിച്ചിട്ട് പറയാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രാവിലെ 11 മണിയോടെയാണ് സംഭവം. കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം. വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓർത്തോപീഡിക്സ് സർജറി വിഭാഗം നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നു. ശുചിമുറിയും ഈ കെട്ടിടത്തിലാണ്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാസേനയുടെയും ഗാന്ധിനഗർ പൊലീസിന്റെയും നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.

