ബ്രിട്ടീഷ് ഭക്തൻമാർ ഖദറിട്ട് കോൺഗ്രസ് നേതാക്കളായി; രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി ടി പത്മനാഭൻ
കണ്ണൂർ: ബ്രിട്ടീഷ് ഭക്തരാണ് പിന്നീട് കെപിസിസി നേതാക്കളായതെന്ന് ടി പത്മനാഭൻ പറഞ്ഞു. രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിലായിരുന്നു ടി പത്മനാഭന്റെ പരാമർശങ്ങൾ. കോൺഗ്രസ് വേദിയിൽ കോൺഗ്രസിനെ വിമർശിച്ച് കഥാകൃത്ത് ടി പത്മനാഭൻ. ഗുരുവായൂർ സത്യാഗ്രഹികളുടെ കണ്ണിൽ ചുണ്ണാമ്പ് വെള്ളമൊഴിച്ചവരാണ് കോൺഗ്രസ് നേതാക്കളായതു എന്നും അദ്ദേഹം വിമർശിച്ചു.

സ്വാതന്ത്ര്യത്തിന് പിന്നാലെ ഖദർ വസ്ത്രം സംഘടിപ്പിച്ച് കെ പി സിസി നേതാക്കളായി മാറുകയായിരുന്നു. കെ കേളപ്പനെ പോലെയുള്ളവരെ പിന്നിലേക്ക് തള്ളി മാറ്റിയാണ് ബ്രിട്ടീഷ് ഭക്തർ കെ പി സി സി നേതാക്കളായതെന്നും ടി പത്മനാഭൻ പറഞ്ഞു. ഇക്കാരണത്താലാണ് കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ സജീവമാകേണ്ടിയിരുന്ന താൻ അത് വേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധിയിൽ നിന്ന് പ്രിയദർശിനി സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു ടി പത്മനാഭൻ. രാഹുൽ ഗാന്ധിയെ കൂടാതെ വേദിയിൽ എ ഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ,കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവരും ഉണ്ടായിരുന്നു.

