കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു: കേന്ദ്രത്തിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധം – മന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം : കേരളത്തിന്റെ കടമെടുപ്പ് പരിധി വലിയ തോതിൽ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനം. കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണിതെന്നും എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദർഭമാണിതെന്നും മന്ത്രി പ്രതികരിച്ചു.


കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാൻഡുകളും വായ്‌പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയാണ്. നടപ്പു വർഷം 32442 കോടി രൂപയുടെ വായ്‌പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണ്. എന്നാൽ 15390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാൻഡിനത്തിൽ 10000 കോടിയുടെ വെട്ടിക്കുറവ് ഈ വർഷം വരുത്തിയതിന് പുറമെയാണിത്.


