ബുക്കര്‍ പുരസ്കാരം ജെന്നി ഏര്‍പെന്‍ബെക്കിന്റെ കെയ്റോസിന്

2024 രാജ്യാന്തര ബുക്കര്‍ പുരസ്കാരം ജെന്നി ഏര്‍പെന്‍ബെക്കിന്റെ കെയ്റോസിന്. ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് കെയ്റോസിന് പുരസ്കാരം ലഭിച്ചത്. 1980കളുടെ അവസാനത്തില്‍ കിഴക്കന്‍ ബെര്‍ലിനില്‍ നടക്കുന്ന ഒരു പ്രണയകഥയാണ് കെയ്റോസ് പറയുന്നത്. അമ്പത് വയസുള്ള വിവാഹിതനായ എഴുത്തുകാരനും 19 വയസുകാരിയുമായുള്ള പ്രണയകഥയാണ് ജെന്നി രചിച്ചത്.

അപ്രതീക്ഷിതമായി ഇവര്‍ കണ്ടുമുട്ടുന്നു ബെര്‍ലിന്‍ മതിലിന്റെ പതനം സംഭവിക്കുന്ന സാഹചര്യത്തില്‍ ഇരുവരുടെയും ബന്ധം കൂടുതല്‍ ദൃഢമാകുന്നു. 32 ഭാഷകളില്‍ നിന്നായി ലഭിച്ച 149 പുസ്തകങ്ങളില്‍ നിന്ന് 6 പുസ്തകങ്ങളായിരുന്നു ഈ വര്‍ഷത്തെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. സ്പാനിഷ്, ജര്‍മന്‍, സ്വീഡിഷ്, കൊറിയന്‍, ഡച്ച് എന്നീ അഞ്ച് വ്യത്യസ്ത ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്ത നോവലുകളായിരുന്നു ഇവ.

ഈ വര്‍ഷത്തെ ജൂറിയില്‍ ചെയര്‍പഴ്സനായ എലനോര്‍ വാച്ചെലാണ് പുരസ്കാരം പ്രഖാപിച്ചത്. കവിയായ നതാലി ഡയസ്, നോവലിസ്റ്റ് റൊമേഷ് ഗുണശേഖര, വിഷ്വല്‍ ആര്‍ട്ടിസ്റ്റ് വില്യം കെന്‍ട്രിഡ്ജ്, എഴുത്തുകാരനും എഡിറ്ററും വിവര്‍ത്തകനുമായ ആരോണ്‍ റോബര്‍ട്ട്സണ്‍ എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങള്‍. അതേസമയം സമ്മാനത്തുകയായ 50,000 പൗണ്ട് രചയിതാവായ ജെന്നി ഏര്‍പെന്‍ബെക്കിനും വിവര്‍ത്തകനായ മിഖായേല്‍ ഹോഫ്മാനും തുല്യമായി നല്കപ്പെടും.

