കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ബോംബ് ഭീഷണി
.
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബോംബ് ഭീഷണി. പ്രിന്‍സിപ്പലിനാണ് ഭീഷണി സന്ദേശമടങ്ങിയ മെയില്‍ ലഭിച്ചത്. ഇന്ന് പുലര്‍ച്ചെ 3.23നാണ് മെയില്‍ വന്നത്. ആശുപത്രിയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. അത്യാഹിത വിഭാഗത്തിലാണ് പരിശോധന നടക്കുന്നത്.

ഒരു മണിക്കൂര്‍ നേരെ പരിശോധന നടത്തിയിട്ടും സംശയകരമായ ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ആര്‍ഡിഎക്‌സ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഉച്ചയ്ക്ക് 1.35ന് മുന്‍പ് ആളുകളെ ഒഴിപ്പിക്കണമെന്നും മെയിലില്‍ പറയുന്നു. മുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയില്‍ നിന്നാണ് സന്ദേശമെത്തിയത്. തമിഴ്‌നാട്ടിലെ 1979ലെ നൈനാര്‍ദാസ് പൊലീസ് യൂണിയന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി.

തൃശൂര്‍ മെഡിക്കല്‍ കോളേജിലും ബോംബ് ഭീഷണിയുണ്ട്. പ്രിന്‍സിപ്പലിന്റെ ഇമെയിലിലേക്ക് തന്നെയാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. പന്ത്രണ്ടരയ്ക്ക് ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി. എന്നാല്‍ കോളേജില്‍ നിന്ന് ബോംബ് കണ്ടുകിട്ടിയിട്ടില്ല. പൊലീസ് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി മടങ്ങി.




