ടിവികെ നേതാവ് നടൻ വിജയിയുടെ വീടിനുനേരെ ബോംബ് ഭീഷണി

നടനും ടിവികെ നേതാവുമായ വിജയിയുടെ വീടിനു നേരെ ബോംബ് ഭീഷണി. കരൂര്‍ അപകടം നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ചെന്നൈ നീലങ്കരയിൽ സ്ഥിതിചെയ്യുന്ന വിജയ്‌യുടെ വീടിനു നേരെ ബോംബ് ഭീഷണിയുണ്ടായത്. പിന്നാലെ ബോംബ് സ്‌ക്വാഡും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് പോലുള്ള യാതൊരു സ്‌ഫോടകവസ്തുവും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.

സെപ്റ്റംബർ 27-ന് വിജയ് നേതൃത്വം നൽകിയ കരൂർ റാലിയിൽ ഉണ്ടായ തിരക്കിനിടയില്‍ 41 പേർ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വിജയ്ക്കുനേരെ വിമർശനങ്ങളും ഭീഷണിയും നേരിടാൻ ഇടയായത്. അന്നത്തെ പരിപാടിയിൽ 10,000 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് എത്തിയത്. വിജയ് എട്ടുമണിക്കൂർ വൈകിയെത്തിയതും അപകടത്തിന് കാരണമായെന്ന് പൊലീസിൻ്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കരൂര്‍ അപകടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടി വി കെ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന പൊലീസിൻ്റെ അന്വേഷണം വേണ്ടെന്നും അതിനാലാണ് സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് ടിവികെ ആവശ്യപ്പെട്ടത്.

