കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ചാലിയം മത്സ്യബന്ധനത്തിന് പോവുന്നതിനിടെ ഫൈബർ വള്ളത്തിൽ നിന്നും കാണാതായ ചാലിയം സ്വദേശിയായ തൈക്കടപ്പുറം ഉസ്മാൻ കോയ (56) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 12.30 ഓടെയായിരുന്നു ഉസ്മാൻ കോയയെ കാണാതായത്.
മത്സ്യത്തൊഴിലാളികളും, കടുക്ക തൊഴിലാളികളും, ഫയർഫോഴ്സും, പോലീസും, ട്രോമ കെയർ വളണ്ടിയർമാരും, സ്കൂബ ടീമും സംയുക്തമായി ചാലിയാറിലും കടലിലുമായി തിരച്ചിൽ നടത്തി വരുന്നതിനിടെ ആനങ്ങാടി നാലു സെൻ്റിന് സമീപം ഉച്ചയോടെ മൃതദേഹം കരക്കടിയുകയായിരുന്നു. തുടർന്ന് നാട്ടുകാർ മൃതദേഹം കരയിലേക്ക് മാറ്റി. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ചാലിയം സ്വദേശി ചെറുപുരക്കൽ സലാമിൻ്റെ ഉടമസ്ഥതയിലുള്ള ഇലാഹി വള്ളത്തിൽ സുഹൃത്തുക്കൾക്കൊപ്പം മത്സ്യബന്ധനത്തിന് പോവുന്നതിനിടെ കൂടെയുണ്ടായിരുന്നവരുമായി വാക്ക് തർക്കമുണ്ടാവുകയും താൻ വീട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞ് ഉസ്മാൻ കോയ വള്ളത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയുമായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പോലീസിന് നൽകിയ മൊഴി.

