ഗ്രന്ഥശാലാദിനം അവിസ്മരണീയമാക്കി ബോധി ഗ്രന്ഥാലയം

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാലാദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ ഗ്രന്ഥശാലാ പരിസരത്ത് നടന്ന പതാകയുയർത്തൽ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. വൈകിട്ട് 5 മണിക്ക് ബോധിഹാളിൽ വാർഡ് മെമ്പർ സജിത ഷെറി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡോ. എൻ. വി. സദാനന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലയിൽ പ്രതിമാസ പരിപാടിയായി ആരംഭിക്കുന്ന റീഡിംഗ് തിയറ്ററിന്റെ ഉദ്ഘാടനവും ആദ്യ അവതരണവും നടന്നു. കെ ആർ മീരയുടെ ഓർമ്മയുടെ ഞരമ്പ് എന്ന പ്രശസ്തമായ ചെറുകഥയുടെ തിയറ്റർ വായനാ രൂപം അവതരിപ്പിച്ചു.

വിമല പയ്യോട്ട്, വി. എം. ലീല ടീച്ചർ, യൂസഫ്എം. കെ, ഗീത കെ. കെ. എന്നിവർ രംഗത്തെത്തി. സംഘാടകരായ വനിതാവേദി അംഗങ്ങൾ വിലയിരുത്തി സംസാരിച്ചു. ഗ്രന്ഥശാലാ സംഘം മാസികയായ ഗ്രന്ഥാലോകം വരിക്കാരെ ചേർക്കൽ പരിപാടിയിൽ വി. എം. ലീല ടീച്ചർ ആദ്യവരിക്കാരിയായി റസീറ്റ് ഏറ്റുവാങ്ങി. ഗ്രന്ഥശാലാ പരിസരത്ത് ദീപമാലയൊരുക്കുക കൂടി ചെയ്തപ്പോൾ ദിനാചരണ പരിപാടി വേറിട്ടതും മികവുറ്റതുമായി.
