ബിഎൽഒമാരുടെ ജോലിഭാരം: അധിക ജീവനക്കാരെ വിന്യസിക്കാൻ നിർദേശിച്ച് സുപ്രീം കോടതി
.
തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ജോലി ഭാരത്താൽ ബിഎൽഒമാരുടെ ആത്മഹത്യകൾ തുടർ സംഭവങ്ങളാകുന്ന സാഹചര്യത്തിൽ സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി അധിക ജീവനക്കാരെ വിന്യസിക്കാനാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ബിഎൽഒമാർക്ക് അവധി നൽകണമെന്നും. കൂടുതൽ ജോലിക്കാരെ ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞത്. ബിഎൽഒമാരുടെ ജോലിഭാരം ചൂണ്ടിക്കാട്ടി ടിവികെ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

ജോലിഭാരത്തെ തുടർന്ന് ബിഎൽഒമാർ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും വരുന്ന സമയത്താണ് സുപ്രീം കോടതി വിധി. അമിത ജോലിഭാരവും സമ്മർദ്ദവും കാരണം ചുമതലകൾ പൂർത്തിയാക്കാൻ സാധിക്കാത്ത ബിഎൽഒമാർക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരം ക്രിമിനൽ നടപടി സ്വീകരിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ചോദ്യം ചെയ്താണ് വിജയ്‌യുടെ തമിഴഗ വെട്രി കഴകം (ടിവികെ) ഹർജി സമർപ്പിച്ചത്. ഇതാലാണ് ഇപ്പോൾ സുപ്രീം കോടതിയുടെ നിർദേശം വന്നിരിക്കുന്നത്.




