മിത്തിനുവേണ്ടി ശാസ്‌ത്ര കോൺഗ്രസ് മുടക്കി ബിജെപിയുടെ ‘കുരുതി’

ന്യൂഡൽഹി: ഇന്ത്യൻ ശാസ്‌ത്ര കോൺഗ്രസിന് കേന്ദ്രം ചരമക്കുറിപ്പ് എഴുതുന്നു. രാഷ്‌ട്രീയനേട്ടത്തിനായി വ്യാജ ശാസ്‌ത്രം പ്രചരിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും ഏറ്റവും ഒടുവിലത്തെ നീക്കമാണ് നൂറ്റാണ്ട് പിന്നിട്ട ഇന്ത്യൻ ശാസ്‌ത്ര കോൺഗ്രസിന് ചരമക്കുറിപ്പ് എഴുതുന്നത്. 108 വർഷത്തെ ചരിത്രത്തിലാദ്യമായി ശാസ്‌ത്ര കോൺഗ്രസിന് പണം നൽകാതെ കേന്ദ്രം മുടക്കി. പകരം ആർഎസ്‌എസിനു കീഴിലുള്ള വിജ്ഞാന ഭാരതി നടത്തുന്ന ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന് (ഐഐഎസ്‌എഫ്) കേന്ദ്ര സർക്കാർ എല്ലാ വിഭവങ്ങളും നൽകുകയും ചെയ്യുന്നു.

സ്വാതന്ത്ര്യാനന്തരം എല്ലാ വർഷവും ജനുവരി മൂന്നുമുതൽ അഞ്ചുദിവസം നടക്കുന്ന ശാസ്‌ത്ര കോൺഗ്രസ് പ്രധാനമന്ത്രിയാണ് ഉദ്‌ഘാടനം ചെയ്യുക. ഭരണഘടന അനുശാസിക്കുന്ന ശാസ്‌ത്രചിന്ത വളർത്താനുള്ള വേദിയായിരുന്നു മുമ്പ് ശാസ്‌ത്ര കോൺഗ്രസെങ്കിൽ, നരേന്ദ്ര മോദി ഭരണത്തിൽ ശാസ്‌ത്രവിരുദ്ധതയുടെ കേന്ദ്രമായി. സംഘപരിവാർ തിരുകിക്കയറ്റിയ ‘ശാസ്‌ത്രജ്ഞർ’ കോൺഗ്രസ് വേദിയിൽ ശാസ്‌ത്രത്തെ തള്ളി മിത്തുകളെയും ഐതിഹ്യങ്ങളെയും പ്രതിഷ്‌ഠിക്കുന്നു. മോദിക്കു കീഴിൽ ശാസ്‌ത്ര കോൺഗ്രസ് സർക്കസായി മാറിയെന്നു പറഞ്ഞ് പ്രമുഖ ശാസ്‌ത്രജ്ഞർ വിട്ടുനിന്നു.


2014ൽ അധികാരമേറ്റതിനു പിന്നാലെ ഗണപതിയുടെ രൂപം പ്ലാസ്റ്റിക് സർജറിയുടെ ഫലമാണെന്നും കർണന്റെ ജനനം ജനിതക ശാസ്‌ത്രമുണ്ടായിരുന്നതിന്റെ തെളിവാണെന്നും പറഞ്ഞ് മോദിതന്നെ ശാസ്ത്രവിരുദ്ധതയുടെ മുഖ്യപ്രചാരകനായി. സ്വയംഭരണാധികാരമുള്ള ഇന്ത്യൻ ശാസ്‌ത്ര കോൺഗ്രസ് അസോസിയേഷനാണ് (ഐഎസ്‌സിഎ) ശാസ്‌ത്ര കോൺഗ്രസ് നടത്തിപ്പ്. ക്ഷണിക്കുന്ന അതിഥികൾ, അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ ഇവയിലൊന്നും കേന്ദ്ര സർക്കാരിന് ഇടപെടാനാകില്ല. എന്നാൽ, ആർഎസ്‌എസ് പിടിമുറുക്കിയതോടെ അവരോട് അടുത്തുനിൽക്കുന്നവരെയും ക്ഷണിക്കേണ്ട ഗതികേടായി. 2019ലെ സയൻസ് കോൺഗ്രസ് വേദിയിൽ ആൽബർട്ട് ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തെ ആർഎസ്‌എസ് ബന്ധമുള്ള കണ്ണൻ ജെഗതല കൃഷ്ണൻ തള്ളി.


രാവണന് 24 തരം വിമാനങ്ങളുണ്ടായിരുന്നെന്നും ആയിരക്കണക്കിനു വർഷംമുമ്പ് പുരാതന ഇന്ത്യയിൽ ടെസ്റ്റ് ട്യൂബ് ശിശുക്കൾ പിറന്നിരുന്നെന്നും ആന്ധ്ര സർവകലാശാല വൈസ് ചാൻസലർ നാഗേശ്വര റാവുവും വേദിയിൽ അവകാശപ്പെട്ടു. പുരോഗമനാശയങ്ങൾ തടയാൻ ശ്രമം ഇന്ത്യൻ സയൻസ് കോൺഗ്രസിന് പണം അനുവദിക്കാതെ പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനയെ പിടിച്ചെടുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ശാസ്‌ത്ര സത്യങ്ങൾക്കു പകരം മിത്തുകളെ പ്രതിഷ്‌ഠിക്കാൻ അധികാരദുർവിനിയോഗമാണ് നടത്തുന്നത്.

