സുപ്രധാനമായ ആറ് വകുപ്പുകൾ സഖ്യകക്ഷികൾക്ക് വിട്ടു കൊടുക്കില്ലെന്ന് ബിജെപി

ഡൽഹി: സുപ്രധാനമായ ആറ് വകുപ്പുകൾ സഖ്യകക്ഷികൾക്ക് വിട്ടു കൊടുക്കില്ലെന്ന് ബിജെപി. ആഭ്യന്തരം, ധനം, പ്രതിരോധം, നിയമം, ഐടി, റെയിൽവേ വകുപ്പുകളിലാണ് ബിജെപിയുടെ കടുംപിടുത്തം. സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും നിരവധി വകുപ്പുകൾ ആവശ്യപ്പെട്ടെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറാകാതെ പ്രധാന വകുപ്പുകൾ നൽകാതിരിക്കാൻ ശ്രമിക്കുകയാണ് ബിജെപി.

ബീഹാറിൽ 12 സീറ്റുകൾ നേടിയ ജെഡിയു പ്രതിരോധം, ഗ്രാമവികസനം, കൃഷി, റെയിൽവേ എന്നീ വകുപ്പുകളാണ് ആവശ്യപ്പെട്ടത്. ബീഹാറിന്റെ പ്രത്യേക പദവിയും എൻഡിഎയുടെ കൺവീനർ സ്ഥാനവും രാജ്യസഭാ ഉപാധ്യക്ഷ പദവിയും നിതീഷ് കുമാറിന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നു.

ആന്ധ്രാപ്രദേശിൽ 16 സീറ്റുകൾ നേടിയ ടിഡിപി ആവശ്യപ്പെട്ടത് നഗര-ഗ്രാമ വികസനം, ഗതാഗതം –- ഹൈവേ വകുപ്പ്, ജലവകുപ്പ്, കപ്പൽ ഗതാഗത തുറമുഖ വകുപ്പ് എന്നിവയാണ്. ആന്ധ്രാ പ്രദേശിന്റെ പ്രത്യേക പദവിയും ടിഡിപി ഉന്നയിച്ചിട്ടുണ്ട്.

അഞ്ച് എം പിമാരുള്ള ചിരാഗ്പാസ്വാന്റെ എൽജെപി റെയിൽവേയും സഹമന്ത്രി സ്ഥാനവും ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രിസ്ഥാനവും ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാനി അവാമി മോർച്ച നേതാവ് ജിതിൻ റാം മഞ്ചിയും കേന്ദ്രമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകുന്നേരം ആറിനെന്നാണ് സൂചന.

