KOYILANDY DIARY.COM

The Perfect News Portal

തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതിനെ പിന്തുണച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണ‍ൻ

ശബരിമല സ്വർണ മോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായതിനെ പിന്തുണച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണ‍ൻ. ദേവനേയും ഭക്തരേയും ഒരുപോലെ വഞ്ചിച്ച ഒരാൾ തന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും തന്ത്രി കണ്ഠര് രാജീവര് നിഷ്കളങ്കനല്ല, വ്യാജരേഖ ചമച്ചവനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിൽ തുറന്നെ‍ഴുതി. തന്ത്രിയെ സംരക്ഷിക്കാനും ന്യായീകരിക്കാനും ഇറങ്ങുന്നവരെയും അദ്ദേഹം വിമർശിച്ചു.

കേസിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതിയാണ് തന്ത്രി. പോറ്റിയെ ശബരിമലയിൽ കയറ്റിയതിലും തന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നെ് അദ്ദേഹം പറഞ്ഞു സർക്കാറിനെ വിമർശിച്ച് കൊണ്ട് തന്ത്രിയെ വെളുപ്പിക്കാൻ നടക്കുന്നവർ അറിയേണ്ട കാര്യങ്ങൾ എന്ന രീതിയിൽ സ്വർണക്കൊള്ളയിലെ തന്ത്രിയുടെ പങ്കിനെ സംബന്ധിച്ചുള്ള വിശദമായ കുറിപ്പാണ് കെ എസ് രാധാകൃഷ്ണ‍ൻ പങ്കുവെച്ചിരിക്കുന്നത്.

.

Advertisements
  • ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
  • ദേവനേയും ഭക്തരേയും ഒരുപോലെ വഞ്ചിച്ച ഒരാൾ തന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല; തന്ത്രി കണ്ഠര് രാജീവര് നിഷ്കളങ്കനല്ല; വ്യാജരേഖ ചമച്ചവനാണ്. തന്ത്രിയെ സംരക്ഷിക്കാൻ ഭക്തജന സംഘം ഇറങ്ങിക്കഴിഞ്ഞു. അവർ ഇങ്ങനെ പറയുന്നു: തന്ത്രി നഷ്കളങ്കനാണ്. അദ്ദേഹം നിരപരാധിയാണ്. അദ്ദേഹത്തിന് എതിരെ തെളിവുകൾ ഇല്ല. സർക്കാർ പകതീർക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്ന കാര്യങ്ങൾ നുണയാണ്. ഇങ്ങനെ നീളുന്നു ന്യായീകരണങ്ങൾ.

സത്യത്തിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതിയാണ് തന്ത്രി. എന്തുകൊണ്ട്? 2025 ഒക്ടോബർ പത്താം തിയതി കേരള ഹൈക്കോടതി പുറപ്പെടുവിപ്പിച്ച വിധിന്യായത്തിലെ നാലാം ഖണ്ഡികയിൽ വ്യാജമഹസർ (18/5/2019) എഴുതിയുണ്ടാക്കിയ പത്ത് പേരുടെ പട്ടിക നൽകിയിട്ടുണ്ട്. അതിൽ ഒന്നാം പേരുകാരൻ കണ്ഠര് രാജീവര് ആണ്. രണ്ടാം പേരുകാരൻ മേൽശാന്തിയും. ശബരിമലയിലെ സ്വർണ്ണ കൊള്ളക്ക് തുടക്കം കുറിച്ചത് ഈ വ്യാജരേഖയാണ്. കാരണം, ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികളെ വെറും ചെമ്പുപാളികൾ എന്നു സാക്ഷ്യപ്പെടുത്തിയത് ഈ രേഖയാണ്. എന്തുകൊണ്ടാണ് ഈ രേഖ വ്യാജമാണെന്നു പറയുന്നത്?

കാരണം വ്യക്തം. ശബരിമല ശ്രീകോവിൽ സ്വർണ്ണം പൊതിഞ്ഞ ചെമ്പുതകിടാണെന്ന് തന്ത്രിക്ക് മുന്നറിവുണ്ടായിരുന്നു. എന്തെന്നാൽ മല്യ ശബരിമലയിൽ 38 കിലോ തങ്കം കൊണ്ടുവന്നു സ്വണ്ണം പൊതിയുമ്പോഴും കണ്ഠര് രാജീവര് തന്ത്രിയായിരുന്നു. ഇക്കാര്യം മന:പൂർവ്വം മറച്ച് വെച്ചു കൊണ്ടാണ് തന്ത്രി വ്യാജരേഖ ചമച്ചത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം വ്യാജരേഖ ചമയ്ക്കൽ ഏഴ് വർഷം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഈ വ്യാജരേഖയെ പ്രമാണമായി സ്വീകരിച്ചാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തത്.

എന്നാൽ ഈ ന്യായം നിരത്തി ദേവസ്വം ബോർഡിന് ഉത്തര വാദിത്വത്തിൽ നിന്നും ഒഴിയാനാകില്ല. കാരണം ശബരിമല ശ്രീകോവിൽ സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികൾ കൊണ്ട് നിർമ്മിച്ചതാണെന്ന മുന്നറിവ് ബോർഡിനും ഉണ്ടായിരുന്നു.

ഈ രേഖയിൽ ഒപ്പുവെച്ച പത്ത് പേർക്കും ഇക്കാര്യത്തിൽ മുന്നറിവുണ്ടായിരുന്നു. എന്നിട്ടും ഇവരെല്ലാവരും ഈ വ്യാജ രേഖ ചമയ്ക്കാൻ ഒരുമിച്ചു ചേർന്നു. ഇത് വെറും യാദൃശ്ചികതയാണെന്ന് ഏത് പൊട്ടൻ വക്കിൽ പറഞ്ഞാലും അതിന് വിശ്വസനീയത ഇല്ല. ഈ ഗൂഢാലോചന നടത്തിയതുകൊണ്ടാണ് പോറ്റിക്ക്, സ്വർണ്ണം അടിച്ചു മാറ്റി വിൽക്കാനും പണം കൊയ്യാനും കഴിഞ്ഞത്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അതിൽ നിന്നും വ്യക്തിപരമായി ലാഭം ലഭിച്ചില്ലെങ്കിലും കുറ്റകൃത്യത്തിൽ പോറ്റിയെ പോലെ തന്ത്രിയും പങ്കാളിയാണ്. അതുകൊണ്ട് കുറ്റകൃത്യത്തിന് ഉത്തരവാദിയുമാണ്.

തന്ത്രി ക്ഷേത്ര സ്വത്തുക്കളുടെ കസ്റ്റോഡിയനല്ല. അതുകൊണ്ട് കട്ടിളപാളികളും ദ്വാരപാലക വിഗ്രഹങ്ങളും ക്ഷേത്രത്തിന് പുറത്ത് കടത്തിയതിൽ തന്ത്രിക്ക് ഉത്തരവാദിത്വമില്ല എന്നാണ് മറ്റൊരു വാദം. ക്ഷേത്രത്തിൻ്റെ ശ്രീകോവിലുമായി ബന്ധപ്പെട്ട എന്ത് മരാമത്ത് ജോലി ചെയ്യണമെങ്കിലും അതിന് വേണ്ടി തന്ത്രി രേഖാമൂലം ബോർഡിനോട് ആവശ്യപ്പെട്ടിരിക്കണം. ആ രേഖയാണ് ദേവൻ്റെ അനുജ്ഞയായി ബോർഡ് പരിഗണിക്കുന്നത്. ശ്രീകോവിലുമായി ബന്ധപ്പെട്ട ഏത് സാധനവും ക്ഷേത്രസന്നിധിക്ക് പുറത്തു വെച്ച് അറ്റകുറ്റപ്പണി ചെയ്യരുത് എന്നത് ക്ഷേത്ര ആചാരാനുഷ്ടാനത്തിൻ്റെ ഭാഗമാണ്. അക്കാര്യം ദേവസ്വം ചട്ടങ്ങളിൽ പറയുന്നുമുണ്ട്. അനുഷ്ടാനാചാര ലംഘനം ആര് നടത്തിയാലും അത് തിരുത്തേണ്ട ബാദ്ധ്യത

തന്ത്രിയുടേതാണ്. എന്നാൽ ഇക്കാര്യത്തിൽ തന്ത്രി അത് ചെയ്തില്ല എന്നു മാത്രമല്ല അതിനു കൂട്ടുനിൽക്കുകയും ചെയ്തു. മാത്രമല്ല ഈ ആചാരാനുഷ്ഠാന ലംഘനം ഭക്തജനങ്ങളിൽ നിന്നും മറച്ചുവെക്കുകയും ചെയ്തു. ഇതാകട്ടെ ഗുരുതരമായ വിശ്വാസ വഞ്ചനയും കൃത്യവിലോപവുമാണ്. അങ്ങനെ ദേവനേയും ഭക്തരേയും ഒരുപോലെ വഞ്ചിച്ച ഒരാൾ തന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനുമല്ല.

ദേവൻ്റെ രക്ഷിതാവാണ് തന്ത്രി. നിയമപരമായി പ്രതിഷ്ഠാ മൂർത്തി പ്രായ പൂർത്തിയാകാത്ത വ്യക്തിയാണ്. പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് രക്ഷിതാവിൻ്റെ കടമയാണ്. അതുകൊണ്ട് ദേവൻ്റെ സ്വത്തു വഹകൾ സംരക്ഷിക്കുക എന്നത് ദേവസ്വം ബോർഡിനോടൊപ്പം തന്ത്രിയുടേയും ചുമതലയാണ്. തന്ത്രി അത് ചെയ്തില്ല എന്ന് മാത്രമല്ല തൻ്റെ സംരക്ഷണയിലുള്ള പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ അവകാശങ്ങൾ ഹനിക്കുന്നതിന് വേണ്ടി തല്പരകക്ഷികൾക്ക് കൂട്ടുനിൽക്കുകയും ചെയ്തു. ഇത് ഗുരുതരമായ കുറ്റ കൃത്യമാണ്.

പോറ്റിയെ ശബരിമലയിൽ കയറ്റിയതിൽ ബോർഡിനെ പോലെ തന്ത്രിക്കും ഉത്തരവാദിത്വമുണ്ട്. പോറ്റി ശബരിമലയിൽ എത്തിയ ദിവസം മുതൽ പോറ്റിയും തന്ത്രിയും ഉറ്റ ചണ്ടാതിമാരായി. കാരണം പോറ്റി ശബരിമലയിൽ എത്തുന്നതിന് മുമ്പേ അവർക്ക് പരസ്പരം അറിയാമായിരുന്നു. അതുകൊണ്ട് രണ്ട് പേർക്കും സാമ്പത്തിക ലാഭം ഉണ്ടായി. അവർ പരസ്പരം സഹായിക്കുകയും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിന് വേണ്ടി പരസ്പരം സഹകരിക്കുകയും ചെയ്തു. എന്നാൽ, തന്ത്രി ഇക്കാര്യത്തിലും ആദ്യം മുതലേ കളവാണ് പറഞ്ഞത്. തനിക്ക് പോറ്റിയെ അറിയാമെന്നല്ലാതെ തനിക്ക് പോറ്റിയുമായി യാതൊരുവിധ ബന്ധവും ഇല്ല എന്നായിരുന്നു തന്ത്രിയുടെ വാദം. അത് കളവാണെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞു.

ഇത്തരത്തിൽ ഈ കൊള്ളയിൽ പ്രതിയായ തന്ത്രിയെ പോറ്റിയോടൊപ്പം തന്നെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ തന്ത്രിയെ അറസ്റ്റ് ചെയ്യാതെ സ്വതന്ത്രമായി പുറത്ത് മേയാൻ എസ് ഐ ടി അനുവാദം നൽകിയത് സംശയാസ്പദമാണ്. ഇക്കാലയളവിൽ സുപ്രധാനമായ പല തെളിവുകളും തന്ത്രി നശിപ്പിച്ചിരിക്കാനാണ് സാദ്ധ്യത.

പണം, അധികാരം, സ്വാധീനം ഇവയെല്ലാം ഉള്ളവർ കുറ്റവാളികളായാൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും തന്ത്രിയും ചെയ്യും. ആശുപത്രിവാസമടക്കം എല്ലാം. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Share news