KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് കലാപം കൊതിച്ച് ബിജെപി അധ്യക്ഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കലാപം കൊതിച്ച് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. വർഗീയതയെയും തീവ്രവാദത്തെയും ഒരുപോലെ എതിർത്ത്‌ സമാധാനാന്തരീക്ഷം നിലനിർത്താൻ ജാഗ്രതയോടെ മുന്നേറുന്ന കേരളത്തെ താഴ്‌ത്തിക്കെട്ടാനുള്ള ശ്രമവുമായി ബിജെപി ദേശീയ അധ്യക്ഷൻ. കേരളത്തിലെ സർക്കാർ ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ജെ പി നദ്ദയുടെ ആരോപണം. എന്നാൽ, സമാധാനം നിലനിർത്തുന്നതിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ്‌ കേരളം സ്വീകരിക്കുന്നതെന്ന്‌  നിതി ആയോഗ്‌ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. ബിജെപിക്ക്‌ ഭരണമുള്ള യുപിയടക്കമുള്ള സംസ്ഥാനങ്ങൾ ഈ പട്ടികയിൽ ഏറ്റവുമടിയിൽ നിൽക്കുന്നതിന്റെ അസൂയയും കേരളത്തിന്റെ മതേതതര മനസ്സിന്‌ പോറലേൽപ്പിക്കാനുള്ള വ്യഗ്രതയുമാണ്‌ ഇത്തരം പ്രസ്താവനകൾക്കു പിന്നിൽ.

കേരളത്തിന്റെ സമാധാനം തകർക്കാൻ പോപ്പുലർ ഫ്രണ്ടും ആർഎസ്‌എസും മുന്നിട്ടിറങ്ങിയപ്പോൾ അതിനെ പ്രതിരോധിച്ചത്‌ സർക്കാരിന്റെ സമയോചിത ഇടപെടലാണ്‌. 2021ലും 2022ലും ആർഎസ്‌എസും പോപുലർ ഫ്രണ്ടും പരസ്പരം കൊന്ന്‌ കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമം നടത്തി. പൊലീസിന്റെയും സർക്കാരിന്റെയും ഇടപെടൽ കാര്യങ്ങൾ വർഗീയ കലാപത്തിലെത്താതെ കാത്തു. തീവ്രവാദ നിലപാടുകൾക്ക്‌ ഒത്താശ ചെയ്യുന്നവർക്ക്‌ സർവീസിൽ സ്ഥാനമുണ്ടാകില്ലെന്ന സന്ദേശവും നൽകി. ഹർത്താൽ ദിനത്തിൽ ബസ്‌ തകർത്ത പോപ്പുലർ ഫ്രണ്ടുകാർക്കായി ഇടപെട്ട കാലടി സ്റ്റേഷനിലെ പൊലീസുകാരനെതിരായ നടപടി ഇത്തരക്കാർക്കുള്ള മുന്നറിയിപ്പായിരുന്നു.

ഏറ്റവുമൊടുവിൽ കളമശേരി സ്ഫോടനത്തിനു പിന്നാലെ സർക്കാർ സംവിധാനം ഉണർന്ന്‌ പ്രവർത്തിച്ചു. സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമത്തെ ഫലപ്രദമായി തടഞ്ഞു.  മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം സമാധാനം പുലരാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന സന്ദേശം നാടിനേകി.

Advertisements
Share news