KOYILANDY DIARY.COM

The Perfect News Portal

ജൈവസമൃദ്ധി ചേമഞ്ചേരി കൊയ്ത്തുത്സവം നടത്തി

.
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കളിച്ചാടത്ത് വയലിൽ ജൈവസമൃദ്ധി ചേമഞ്ചേരി എന്ന പേരിൽ ആരംഭിച്ച ജൈവകർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന കൊയ്ത്തുത്സവം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തരിശായി കിടക്കുന്ന ഭൂമി കണ്ടെത്തി അവയെല്ലാം കൃഷിഭൂമിയാക്കി മാറ്റാനുള്ള ഒരു എളിയ ശ്രമമാണ് ഈ കൂട്ടായ്മ നടത്തിക്കൊണ്ടിരിക്കുന്നത്.
തികച്ചും ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ച് നടത്തുന്ന കൃഷിയിൽ നിന്നും ലഭിക്കുന്ന വിഷരഹിതമായ ഭക്ഷ്യ ഉത്പന്നങ്ങൾ ഈ പ്രദേശത്തെ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള പദ്ധതിയും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നുണ്ട്. നെൽകൃഷിക്ക് പുറമെ പച്ചക്കറി കൃഷിയും വാഴ കൃഷിയും ചെയ്തു വരുന്നു. 150 മെമ്പർമാർ അടങ്ങിയ ഈ കൂട്ടായ്മയുടെ മൂലധനം മുപ്പതോളം ഷെയർഹോൾഡേർസിൽ നിന്നും 3000 രൂപ വീതം പിരിച്ചുണ്ടാക്കിയതാണ്.
പൊയിൽക്കാവ് എൻഎസ്എസ് വിദ്യാർഥികൾ ആലപിച്ച പ്രാർത്ഥന ഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. ടി. അജയ് ബോസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഹെന ഫാത്തിമ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ കബീർ, ജനപ്രതിനിധികളായ നളിനി സിസ്റ്റർ, ഗീത കുറ്റിച്ചണ്ടി വെറ്ററിനറി സർജൻ ഡോ. ഗോപിക, കെ പി ഉണ്ണി ഗോപാലൻ മാസ്റ്റർ, ശ്രീധരൻ നായർ കളിച്ചാടത്ത് എന്നിവർ സംസാരിച്ചു. സമിതി സെക്രട്ടറി സബിത മേലാത്തൂർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡണ്ട് കെ. പ്രദീപൻ സ്വാഗതവും ട്രഷറർ ബിജു മലയിൽ നന്ദിയും പറഞ്ഞു.
Share news