നെടുമ്പാശ്ശേരിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; മൂന്നര കോടിയുടെ 12 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. മൂന്നര കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും തായ് എയർവേയ്സിൽ എത്തിയ മലപ്പുറം സ്വദേശി ഉസ്മാനാണ് 12 കിലോ കഞ്ചാവ് ബാഗേജിനകത്ത് ഭക്ഷണ പാക്കറ്റുകളുടേയും മിഠായി പാക്കറ്റുകളുടേയും മറയാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ മാസം 30 നും വൻ കഞ്ചാവ് വേട്ട നടന്നിരുന്നു. 2.376 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് അന്നും കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഈ വർഷമാദ്യവും ബാങ്കോക്കിൽ നിന്നും കഞ്ചാവുമായി എത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസിന്‍റെ പിടിയിലായിരുന്നു. ഇത് മൂന്നാമത്തെ തവണയാണ് ബാങ്കോക്കിൽ നിന്നെത്തുന്നവരിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടിക്കുന്നത്.

