ഭൂട്ടാന് വാഹനക്കടത്ത് കേസ്; കേരള പൊലീസിന്റെ സഹായം തേടി കസ്റ്റംസ്

ഭൂട്ടാന് വാഹനക്കടത്ത് കേസിൽ കേരള പൊലീസിന്റെ സഹായം തേടി കസ്റ്റംസ്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്ക് കത്ത് നല്കി. വാഹനങ്ങളുടെ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കേരളത്തില്‍ നിന്നും ഇതുവരെ 38 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. നൂറോളം വാഹനങ്ങള്‍ക്കായി അന്വേഷണം തുടരുകയാണ്. ദില്ലി, കോയമ്പത്തൂര്‍ റാക്കറ്റുകള്ക്കായും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഓപ്പറേഷൻ നംഖോറിൽ ഇടനിലക്കാരെ സംബന്ധിച്ച് കസ്റ്റംസിന് നിർണായക വിവരം ലഭിച്ചു. ഡൽഹി കേന്ദ്രീകരിച്ചാണ് റാക്കറ്റിന്റെ പ്രവർത്തനം. മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടെ മൊഴിയിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ വാഹനം ഭൂട്ടാനിൽ നിന്ന് നേരിട്ടിറക്കിയതെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.

സംസ്ഥാനത്ത് മാത്രം നികുതി വെട്ടിച്ച് എത്തിച്ചത് 150 ലേറെ കാറുകളെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. 35 ഇടങ്ങളിലായി കസ്റ്റംസ് നടത്തിയ പരിശോധനയിൽ 36 വാഹനങ്ങൾ പിടിച്ചെടുത്തു. വിലകൂടിയ വാഹനങ്ങൾ ഭൂട്ടാനിൽ എത്തിച്ച പിന്നീട് വാഹനങ്ങൾ ഇന്ത്യയിൽ എത്തിക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. പരിവാഹൻ വെബ്സൈറ്റിലും കൃത്രിമം നടന്നിട്ടുണ്ട്. നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് കസ്റ്റംസ് പരിശോധന നടത്തിയിരുന്നത്.

