ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇനി ബേപ്പൂരും
ബേപ്പൂർ: ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി ബേപ്പൂരും. നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നൂർഗ്രീൻ ഡെസ്റ്റിനേഷൻ ഓർഗനൈസേഷന്റെ ആഗോളപട്ടികയിലാണ് ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുത്തവരിൽ ബേപ്പൂരും ഇടം പിടിച്ചത്. തമിഴ്‌നാട്ടിലെ മഹാബലിപുരമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

ബേപ്പൂരിന്റെ ചരിത്രപൈതൃകം, ഉരുനിർമാണം, വിനോദസഞ്ചാര സർക്യൂട്ട്, സാഹിത്യം എന്നിങ്ങനെയുള്ള ഘടകങ്ങൾ കണക്കിലെടുത്താണ് അംഗീകാരം. കെടിഡിസിയുടെ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ബേപ്പൂർ മറീനയിൽ വിനോദസഞ്ചാരം ഏകോപിപ്പിച്ചത്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാലുവർഷമായി ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് നടന്നുവരികയാണ്.

ഇത് കേരളത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളെ അവിടേക്ക് ആകർഷിച്ചിട്ടുണ്ട്. ഈ മാസം ദുബൈയിൽ നടക്കുന്ന ഏഷ്യ പസഫിക് നഗരങ്ങളുടെ സമ്മേളനത്തിൽ ബേപ്പൂരിന് സുസ്ഥിര വിനോദസഞ്ചാര ഫോറത്തിലെ അംഗീകാര സാക്ഷ്യപത്രം സമ്മാനിക്കും.




