ബേപ്പൂർ -ചാലിയം ബോട്ട് സർവീസ് ആരംഭിച്ചു

ബേപ്പൂർ ജെട്ടിയിലെ റാമ്പ് തകർന്നതിനാൽ നിർത്തിയ ബേപ്പൂർ -ചാലിയം ജങ്കാർ സർവീസിന് പകരമായി കടത്തുബോട്ട് സർവീസ് ആരംഭിച്ചു. ഒരു മാസത്തിലേറെയായി ജങ്കാറില്ലാതെ വലഞ്ഞ യാത്രക്കാർക്ക് ബോട്ട് സർവീസ് ആരംഭിച്ചത് ആശ്വാസമായി. ജങ്കാർ നടത്തിപ്പുകാർക്കുകീഴിൽ തന്നെയാണ് ബദൽ സംവിധാനമൊരുക്കിയത്. ചാലിയാർ തീരത്ത് താൽക്കാലികമായി സജ്ജമാക്കിയ ജെട്ടിയാണിപ്പോൾ ഉപയോഗിക്കുന്നത്.

ജങ്കാറിലേതുപോലെ വാഹനങ്ങൾ കൊണ്ടുപോകാനാകില്ലെങ്കിലും യാത്രക്കാർക്ക് ഫറോക്ക് വഴി ചുറ്റിക്കറങ്ങാതെ ഇരുകരകളിലേക്കും ബോട്ടിൽ കടക്കാനാകും. കടത്തിന്റെ നടത്തിപ്പുചുമതലയുള്ള കടലുണ്ടി പഞ്ചായത്ത് 18 ലക്ഷം രൂപ ചെലവിട്ട് പുതിയ ജെട്ടി നിർമിക്കുന്നുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കും. നേരത്തെ രണ്ടുതട്ടുള്ള വലിയ ബോട്ട് സർവീസ് ആരംഭിച്ചിരുന്നെങ്കിലും ആദ്യദിവസം തന്നെ യന്ത്രത്തകരാറു കാരണം അഴിമുഖത്തേക്ക് മാറി സഞ്ചരിച്ചതോടെ സർവീസ് നിർത്തുകയായിരുന്നു.

