KOYILANDY DIARY.COM

The Perfect News Portal

ബാർബഡോസ് ഈ രാത്രി സ്വപ്നം കണ്ട് ഉറങ്ങാനുള്ളതല്ല, സാക്ഷാൽക്കരിക്കാനുള്ളതാണ്.

ക്രിക്കറ്റിലെ കലാശപ്പോര്. ലോകകപ്പിൽ ഉമ്മവച്ചുണരുന്നത് ആരായിരിക്കും? രോഹിത് ശർമയോ എയ്‌ദൻ മാർക്രമോ? ട്വന്റി20 ക്രിക്കറ്റിലെ മോഹകിരീടം ഇന്ത്യക്ക് ഒരിക്കൽക്കൂടി വേണം. ദക്ഷിണാഫ്രിക്കയ്ക്ക് ഒരിക്കലെങ്കിലും. വെസ്റ്റിൻഡീസിലെ ബാർബഡോസ് കെൻസിങ്‌ടൺ ഓവലിൽ രാത്രി എട്ടിനാണ് അതിവേഗ ക്രിക്കറ്റിലെ കലാശപ്പോര്.
കപിൽദേവിനും മഹേന്ദ്ര സിങ് ധോണിക്കുംമാത്രം സാധ്യമായ രാജപദവിയിലേക്കാണ രോഹിത് കണ്ണുനട്ടിരിക്കുന്നത്. കഴിഞ്ഞവർഷം ഏകദിന ലോകകപ്പ് കൈവിട്ട് വിതുമ്പിയ ക്യാപ്റ്റന് ഇത്തവണയില്ലെങ്കിൽ ഒരിക്കലുമില്ലെന്നറിയാം. 2007ൽ ആദ്യപതിപ്പിൽമാത്രമാണ് ഇന്ത്യ ജേതാക്കളായത്. ഏകദിന ലോകകപ്പിൽ 1983ലും 2011ലും ലോകകിരീടം തൊട്ട ഇന്ത്യക്ക് പിന്നീടത് കിട്ടാക്കനിയായി.
ദക്ഷിണാഫ്രിക്കയുടെ ആദ്യഫൈനലാണ്. ട്വൻ്റി20 ലോകകപ്പിൽ രണ്ടുതവണയും ഏകദിന ലോകകപ്പിൽ അഞ്ചുതവണയും സെമിയിൽ പരാജയപ്പെട്ടു. ആഫ്രിക്കൻ ക്രിക്കറ്റിനെ ഭരിച്ച മഹാരഥന്മാർക്കൊന്നും സാധ്യമാകാത്ത അവിശ്വസനീയ നേട്ടത്തിനാണ് എയ്‌ദൻ മാർക്രമെന്ന ക്യാപ്റ്റൻ കോപ്പുകൂട്ടുന്നത്. ഒറ്റക്കളിയും തോൽക്കാതെ, ഇരുടീമുകളും അന്തിമപോരാട്ടത്തിൽ മുഖാമുഖം നിൽക്കുമ്പോൾ പ്രവചനത്തിനു മുതിരാതെ ക്രിക്കറ്റ് കളിയുടെ ജീവനായ അനിശ്ചിതത്വത്തെക്കുറിച്ച്* വാചാലരാകാം.
സെമിയിൽ ഇന്ത്യ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 68 റണ്ണിന് തോൽപ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ വിജയം ഒമ്പത് വിക്കറ്റിന് അഫ്‌ഗാനെതിരെയായിരുന്നു. ഇരുകൂടാരത്തിലും ഉശിരൻ പോരാളികളുണ്ട്. സിക്‌സറും ഫോറും മാലപ്പടക്കംപോലെ പൊട്ടിക്കുന്ന യന്ത്രത്തോക്കുകളുണ്ട്. അതിനാൽ അന്തിമവിജയിയെ അറിയാൻ കാത്തിരിക്കേണ്ടിവരും.
Share news