KOYILANDY DIARY

The Perfect News Portal

ബാ​ര്‍ കോ​ഴ ആ​രോ​പ​ണ​ത്തി​ൽ വി​വാ​ദ​മാ​യ ശ​ബ്ദ​രേ​ഖ ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്നി​ലും വി​ഴു​ങ്ങി അ​നി​മോ​ൻ

തി​രു​വ​ന​ന്ത​പു​രം: ബാ​ര്‍ കോ​ഴ ആ​രോ​പ​ണ​ത്തി​ൽ വി​വാ​ദ​മാ​യ ശ​ബ്ദ​രേ​ഖ ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്നി​ലും വി​ഴു​ങ്ങി അ​നി​മോ​ൻ. സം​ഘ​ട​ന​ക്ക് കെ​ട്ടി​ടം വാ​ങ്ങാ​നാ​ണ് വാ​ട്സ്ആ​പ് ഗ്രൂ​പ് വ​ഴി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് അ​നി​മോ​ൻ ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘമാണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
എ​റ​ണാ​കു​ള​ത്ത് സം​ഘ​ട​ന​ക്ക് കെ​ട്ടി​ട​മു​ണ്ടാ​യി​രി​ക്കെ തി​രു​വ​ന​ന്ത​പു​ര​ത്തും ഒന്ന് വാ​ങ്ങാ​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ​ കു​മാ​ർ ആ​ലോ​ചി​ച്ചു. ഇ​തിൽ ത​നി​ക്ക് എ​തി​ർ​പ്പാ​യി​രു​ന്നു. ഇ​ടു​ക്കി ജി​ല്ല​യു​ടെ സ​ഹ​ക​ര​ണ​ക്കു​റ​വി​ന് കാ​ര​ണം ത​ന്‍റെ നി​ല​പാ​ടാ​ണെ​ന്ന് കൊ​ച്ചി​യി​ലെ എ​ക്സി​ക്യു​ട്ടി​വ് യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​ണ്ടാ​യി.
Advertisements
കെ​ട്ടി​ട​വും സ്ഥ​ല​വും ആ​ധാ​രം ചെ​യ്യാൻ 1.75 കോ​ടി​യു​ടെ കു​റ​വ് ഉ​ണ്ടെ​ന്നും ഈ ​തു​ക എ​ക്‌​സി​ക്യു​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ എ​ല്ലാ​വ​രും ര​ണ്ട​ര ല​ക്ഷം രൂ​പ​വെ​ച്ചു ത​ര​ണ​മെ​ന്നും സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഒ​രു ല​ക്ഷം ത​ന്ന​തു​ ത​ന്നെ ബു​ദ്ധി​മു​ട്ടി​യാ​ണെ​ന്നും ത​രു​ന്ന ആ​ളു​ക​ളി​ൽ ​നി​ന്നും പി​ടി​ച്ചു​ പ​റി​ക്കാ​നേ നി​ങ്ങ​ൾ​ക്ക് ക​ഴി​യൂ​വെ​ന്നും താ​ൻ പ​റ​ഞ്ഞ​തോ​ടെ സു​നി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ഷ്ട​ക്കാ​രാ​യ ചി​ല​രും ത​ന്നെ ആ​ക്ഷേ​പി​ച്ചു.
തുടർന്ന് താ​ൻ യോ​ഗ​ത്തി​ൽ​നി​ന്ന് പു​റ​ത്തു​പോ​കു​ക​യാ​യി​രു​ന്നു. ആ ​സ​മ്മ​ർദ്ദത്തിലാണ് 45 പേരുള്ള ഇടുക്കിയിലെ ബാർ മുതലാളിമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ശബ്ദരേഖ എത്തിയത്. എന്നാൽ നാവ് പിഴ വന്നു എന്ന് ബോധ്യമായതോടെ അത് വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും ഒഴിവാക്കി. അന്നത്തെ സമ്മർദ്ദത്തിലും ദേഷ്യത്തിലും എന്താണ് പറഞ്ഞതെന്ന് ഓർമ്മയില്ല. മദ്യനയം തിരുത്താൻ ആരിൽ നിന്നും ഒരു തുകയും വാങ്ങിയിട്ടില്ല, കൊടുത്തിട്ടുമില്ല. ക്രൈം ബ്രാഞ്ചിന് അനിൽ മോൻ മൊഴി നൽകി.