KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് എൻഐടി ക്യാമ്പസിലെ കാന്റീനുകളിൽ മാംസാഹാരങ്ങൾക്ക്‌ വിലക്ക്‌

കുന്നമംഗലം: കോഴിക്കോട് എൻഐടി ക്യാമ്പസിലെ കാന്റീനുകളിൽ മാംസാഹാരങ്ങൾക്ക്‌ വിലക്ക്‌. മൂന്ന് കാന്റീനുകളാണ് ക്യാമ്പസിലുള്ളത്. മെയിൻ ഗേറ്റിനോട് ചേർന്ന്‌ ഒന്നും ക്യാമ്പസിനകത്തും കെമിക്കൽ ഡിപ്പാട്ട്മെന്റിലും ഓരോന്നും. എന്തുകൊണ്ടാണ്‌ മാംസാഹാരം ഇല്ലാത്തതെന്ന്‌ ചോദിച്ചാൽ മറുപടി നൽകേണ്ടെന്ന്‌ അധികൃതരുടെ നിർദേശമുണ്ടത്രെ. ചില സംഘപരിവാർ അനുകൂല ഫാക്കൽറ്റികളാണ്‌ ഇത്തരം കാര്യങ്ങൾ നടപ്പാക്കുന്നതെന്ന്‌ വിദ്യാർത്ഥികൾ പറഞ്ഞു.

 

ജാതി അധിക്ഷേപം, മതനിരപേക്ഷതയെ പരിഹസിക്കൽ, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തൽ, മാനസിക പീഡനങ്ങൾ എന്നിവ ഇത്തരം ഫാക്കൽറ്റികളിൽ നിന്ന്‌ തുടർച്ചയായി ഉണ്ടാകുന്നതായും പറയുന്നു. ഹിന്ദു നാമധാരികളായ വിദ്യാർത്ഥികൾക്ക് പ്രസന്റേഷന് എളുപ്പമുള്ള വിഷയങ്ങൾ നൽകുമ്പോൾ മുസ്ലിം പേരുകാർക്ക്‌ കടുപ്പമേറിയ വിഷയങ്ങൾ നൽകുന്നതായി വിദ്യാർത്ഥികൾ ആരോപിച്ചു. വൈവയിൽ പക്ഷപാതിത്വത്തോടെ  ചോദ്യം ചോദിക്കുന്നതും പതിവാണ്. വിവാഹം കഴിച്ചു കുട്ടിയായ ശേഷം പഠിക്കാൻ വന്ന മുസ്ലിം വിദ്യാർത്ഥിനിയോട് ഒരു ഫാക്കൽറ്റി ചോദിച്ചത്‌ കുട്ടികളൊക്കെയായാൽ വീട്ടിലിരുന്നാൽ പോരെ എന്നാണ്‌.

 

ഗാന്ധിവിരുദ്ധ പ്രതികരണം നടത്തി വിവാദത്തിലായ ഡോ. ഷൈജ ആണ്ടവന്റെ ഫേസ്ബുക്ക്‌ പ്രതികരണങ്ങളിൽ ഭൂരിപക്ഷവും കേരളത്തെ അപമാനിക്കുന്നതും മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി പരിഹസിക്കുന്നതും മതവിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുന്നതുമാണ്. ക്യാമ്പസിലെ ലിറ്റററി ആൻഡ്‌ ഡിബേറ്റിങ്ങ് ക്ലബ്ബിന്റെ ചുമതലയുള്ള വിദ്യാർഥിയുടെ ഇ മെയിൽ ഫാക്കൽറ്റിയിൽ ചിലരുടെ താൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമായ ലേഖനം ഇട്ടുവെന്ന്‌ ആരോപിച്ച്‌ വിദ്യാർഥി ക്ഷേമ ഡീൻ ഡിആക്‌റ്റീവ്‌ ചെയ്‌തു.

Advertisements
Share news