വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജാമ്യം

വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജാമ്യം. കേസിൽ വിചാരണ തുടങ്ങാനിരിക്കെ പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന് തിരിച്ചടിയാവും. തൃശൂർ സ്വദേശി മുഹമ്മദ് ഷഫീഖിനാണ് കോഴിക്കോട് രണ്ടാം അഡീഷണൽ ജില്ലാ കോടതി ജാമ്യം നൽകിയത്.

വടകര പഴയ ബസ് സ്റ്റാന്റിനു സമീപത്തെ പലചരക്കു കടയിൽ കഴിഞ്ഞ വർഷം ഡിസംബർ 24 ന് രാത്രിയിലാണ് കടയുടമ രാജനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാജന്റെ സ്വർണാഭരണങ്ങളും ബൈക്കും കവർച്ച ചെയ്യപ്പെട്ടിരുന്നു. ഒൻപതാം ദിവസം പ്രതി തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.

അന്വേഷണ മികവിന് അന്ന് പൊലീസ് അഭിനന്ദനങ്ങളുമേറ്റുവാങ്ങി. 90 ദിവസത്തിനകം വടകര പൊലീസ് കുറ്റപത്രവും സമർപ്പിച്ചു. എന്നിട്ടും പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന് തിരിച്ചടിയാണ്. വടകരയിലെ അഭിഭാഷകൻ ജെ.എസ്. രാജേഷ് ബാബുവാണ് പ്രതിക്കു വേണ്ടി ഹാജരായത്.

സ്വർണം കൈക്കലാക്കാനാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ജാമ്യം ലഭിക്കാനിടയാക്കിയത്. അന്വേഷണത്തിലെ വീഴ്ചയാണെന്നും ആക്ഷേപമുണ്ട്. ഇയാൾ വേറെയും കവർച്ച കേസുകളിൽ പ്രതിയാണ്. കർണാടകയിൽ ബന്ധങ്ങളുള്ള പ്രതിക്ക് അവിടെ നിന്നുള്ള പിന്തുണയുള്ളതായും വിവരമുണ്ട്.

