KOYILANDY DIARY.COM

The Perfect News Portal

കാലാവസ്ഥ മോശം; സ്പേസ് എക്സിന്റെ വിക്ഷേപണം വീണ്ടും മാറ്റി

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ആദ്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. യാത്രക്കാരെയും വഹിച്ച് തിരിച്ചിറങ്ങുന്ന ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ പതിക്കേണ്ട സമുദ്ര ഭാഗത്തെ കാലാവസ്ഥ മോശമായതിനെ തുടർന്നാണ് ദൗത്യം മാറ്റിവെച്ചത്.

ഫ്ലോറിഡയിലെ കെന്നഡി വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ചൊവ്വാഴ്ച വിക്ഷേപിക്കാനിരുന്ന ദൗത്യം ഹീലിയം ചോർച്ചയെ തുടർന്ന് ബുധനാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. അനുകൂലസാഹചര്യം ഉണ്ടാകുന്നതുവരെ കാത്തിരിക്കണമെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ദൗത്യത്തിന് നേതൃത്വം നൽകുന്നവർ പറയുന്നു.

 

അതേസമയം, അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ ഉയരെ പേടകം ഭൂമിയെ ചുറ്റുകയും 20 മിനിറ്റ് നേരം ബഹിരാകാശത്ത് നടക്കാൻ യാത്രക്കാർക്ക് അവസരം ലഭിക്കുകയും ചെയ്യും. 1972 ലെ അപ്പോളോ 17 ചാന്ദ്രദൗത്യത്തിന് ശേഷം ഇതാദ്യമായാണ് മനുഷ്യൻ ഭൂമിയിൽ നിന്ന് ഇത്രയും ഉയരമുള്ള ഭ്രമണപഥത്തിൽ എത്തുന്നത്.

Advertisements

 

ദൗത്യത്തിൽ മലയാളി ബന്ധമുള്ള അന്ന മേനോൻ കൂടി സ്പേസ് എക്സിന്റെ ഭാഗമാവുന്നുണ്ട്. സ്പേസ് എക്സിൽ ലീഡ് സ്പേസ് ഓപ്പറേഷൻ എഞ്ചിനീയറാണ് അന്ന മേനോൻ. മിഷൻ കമാൻഡറും ദൗത്യത്തിന് പണം നൽകുകയും ചെയ്ത ജരേഡ് ഐസക്മാൻ, അമേരിക്കൻ എയർഫോഴ്സിലെ റിട്ടയേർഡ് ലെഫ്റ്റനൻ്റ് കേണൽ സ്കോട്ട് പൊറ്റീറ്റ്, സ്പേസ്എക്സിലെ സീനിയർ സ്പേസ് ഓപ്പറേഷൻ എൻജിനീയറായ സാറാ ഗില്ലീസ് എന്നിവരാണ് അന്നക്കൊപ്പം ബഹിരാകാശത്ത് ഇതുവരെ മനുഷ്യൻ എത്തിയിട്ടില്ലാത്ത ദൂരത്തിൽ എത്തുന്ന മറ്റുള്ളവർ.

Share news