KOYILANDY DIARY.COM

The Perfect News Portal

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ നേതൃത്വത്തിൽ മീനച്ചിൽ നദീതടത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ സ്വയംപ്രേരിത മുന്നറിയിപ്പ് സംവിധാനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (IIST), തിരുവനന്തപുരം, എൻവയൺമെന്റൽ റിസോഴ്‌സസ് റിസർച്ച് സെന്റർ (ERRC), തിരുവനന്തപുരം എന്നിവ ചേർന്ന് ഇന്ത്യൻ ബഹിരകാശ ഗവേഷണ സംഘടനയുടെ (ISRO) കീഴിലുള്ള ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ (NSIL) സഹായത്തോടെയാണ് കേന്ദ്രങ്ങൾ സ്ഥാപിച്ചത്.

മീനച്ചിൽ നദീതടത്തിലെ വഴിക്കടവ് (തീക്കോയി പഞ്ചായത്ത്‌), പാതമ്പുഴ (പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്), മേച്ചാൽ (മുന്നിലവ് പഞ്ചായത്ത്) എന്നിവിടങ്ങളിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് അന്തരീക്ഷ സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്തത്. അതിതീവ്ര മഴയെ തുടർന്ന് ഉണ്ടാകുന്ന ഉരുൾപൊട്ടലുകളും പ്രാദേശിക വെള്ളപ്പൊക്കങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ വിശ്വാസയോഗ്യവും ശക്തവുമായ നിരീക്ഷണവും മുന്നറിയിപ്പും നൽകുന്ന സംവിധാനത്തിന്റെ ആശയം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രങ്ങൾ സ്ഥാപിച്ചത്. മീനച്ചിൽ നദീ സംരക്ഷണ സമിതിയുമായി സഹകരിച്ചു നടത്തുന്ന ഗവേഷണത്തിൻ്റെ ഭാഗമാണ് പദ്ധതി.

 

Share news