യാത്രക്കാരിയെ ആക്രമിച്ച് രണ്ടുപവൻ സ്വർണം കവർന്ന കേസിൽ ഓട്ടോഡ്രൈവർ പിടിയിൽ

കോഴിക്കോട്: ബസ്സ് സ്‌റ്റാൻ്റിലേക്ക് ഓട്ടോയിൽ കയറിയ യാത്രക്കാരിയെ ആക്രമിച്ച് രണ്ടുപവൻ സ്വർണം കവർന്ന കേസിൽ ഓട്ടോഡ്രൈവർ പിടിയിൽ. കുണ്ടായിത്തോട് കുളത്തറമ്മൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (50) നെയാണ് സ്‌പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും ടൗൺ പൊലീസും പിടികൂടിയത്. വയനാട് പുൽപ്പള്ളി സ്വദേശിനിയായ ജോസഫീന (69)യെ മർദിച്ചാണ് സ്വർണം കവർന്നത്.
ജൂലായ് മൂന്നിന് പുലർച്ചെയാണ് സംഭവം. ആലപ്പുഴയിലെ മകന്റെ വീട്ടിൽനിന്ന് ട്രെയിനിൽ കോഴിക്കോട്ടെത്തിയ ഇവർ എംസിസി ബാങ്ക് പരിസരത്തുനിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകാനായാണ് ഉണ്ണിക്കൃഷ്‌ണൻ ഓടിച്ച ഓട്ടോയിൽ കയറിയത്. വഴിതെറ്റി ഓടിച്ച് ചിന്താവളപ്പ്, പാവമണി റോഡ് വഴി മുതലക്കുളം ഭാഗത്ത് എത്തിച്ചശേഷം കഴുത്തിലണിഞ്ഞ രണ്ടുപവൻ സ്വർണമാല പിടിച്ചുപറിക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയും പുറത്തേക്ക് വലിച്ചിടുകയുംചെയ്‌തു.ട


ഇവർ പിന്നീട് ഓമശേരിയിലുള്ള സഹോദരന്റെ വീട്ടിലെത്തിയശേഷം ആശുപത്രിയിൽ ചികിത്സ തേടി. വീഴ്‌ചയിൽ രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും താടിയെല്ലിന് പരിക്കേൽക്കുകയുംചെയ്‌തു. സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം നടത്തിയത്.

