ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ പീഡനശ്രമം; പരപ്പനങ്ങാടി സ്വദേശി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിൻ പിടിയിലായി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ലാബ് തുറക്കാൻ എത്തിയ ജീവനക്കാരിയെ ജാസിൻ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. സ്ത്രീയോട് ആദ്യം സംസാരിച്ച ശേഷം മൊബൈൽ ഫോണിൽ സംസാരിക്കുന്നതായി ഭാവിച്ച് ലാബിന്റെ പുറത്തേക്ക് എത്തുകയും സമീപത്ത് ആരുമില്ലെന്ന് ഉറപ്പ് വരുത്തിയിട്ട് കടന്നുപിടിക്കുകയായിരുന്നു.

ജീവനക്കാരി ശക്തമായി ചെറുത്തതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കുന്ദമംഗലത്ത് വെച്ചാണ് ജാസിനെ പൊലീസ് പിടികൂടിയത്. ഹോട്ടൽ ജീവനക്കാരനാണ് പിടിയിലായ ജാസിൻ. യുവതിയെ കടന്നുപിടിക്കുന്നതിന്റെയും ലാബിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിരുന്നു.

