KOYILANDY DIARY.COM

The Perfect News Portal

യുക്തിചിന്തകൾക്കുപകരം കെട്ടുകഥകൾക്ക്‌ പ്രാമുഖ്യം കൊടുത്ത്‌ രാജ്യത്തെ മതരാഷ്ട്രമാക്കിമാറ്റാൻ ശ്രമം; മുഖ്യമന്ത്രി

കാസർകോട്‌: യുക്തിചിന്തകൾക്കുപകരം കെട്ടുകഥകൾക്ക്‌ പ്രാമുഖ്യം കൊടുത്ത്‌ രാജ്യത്തെ മതരാഷ്ട്രമാക്കിമാറ്റാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്‌ത്രാഭിരുചിയും യുക്തിചിന്തയും വളർത്തേണ്ടത്‌ പൗരന്റെ കടമയാണെന്ന കാഴ്‌ച്ചപ്പാടിനെ കാറ്റിൽപ്പറത്തി മതരാഷ്‌ട്രം സൃഷ്ടിക്കാൻ ഭരണഘടനാസ്ഥാനങ്ങളിൽ ഇരിക്കുന്നവർ നേതൃത്വം നൽകുന്നു. ജാഗ്രതയോടെ നീങ്ങേണ്ട ഘട്ടമാണിതെന്നും കാസർകോട്‌ ഗവ. കോളേജിൽ മുപ്പത്താറാം കേരള ശാസ്‌ത്ര കോൺഗ്രസ്‌ ഉദ്‌ഘാടനംചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു. 

ഇത്തവണ ഇന്ത്യൻ ശാസ്‌ത്ര കോൺഗ്രസ്‌ നടന്നിട്ടില്ല. നടക്കുമെന്ന ഉറപ്പ്‌ ബന്ധപ്പട്ടവർക്ക്‌ നൽകാനാകുന്നില്ല. നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന ദേശീയ പ്രസ്ഥാനങ്ങളുമാണ്‌ ശാസ്‌ത്രചിന്തയിലേക്ക്‌ നാടിനെ കൈപിടിച്ചുയർത്തിയത്‌. വിദ്യാഭ്യാസം സാർവത്രികമാക്കിയത്‌ ശാസ്‌ത്രചിന്ത വളർത്താനിടയാക്കി. പുരോഗമനപരമായ മുന്നേറ്റം ഉറപ്പാക്കുന്നതിനാണ്‌ സംസ്ഥാന സർക്കാർ നാല്‌ സയൻസ്‌ പാർക്ക്‌ ആരംഭിക്കുന്നത്‌. ഡിജിറ്റൽ സയൻസ്‌ പാർക്ക്‌ തുടങ്ങി.

 

ശാസ്‌ത്രബോധവും യുക്തിചിന്തയും നിലനിൽക്കുന്നത്‌ സാമൂഹ്യ ഐക്യത്തെക്കൂടി ആശ്രയിച്ചാണ്‌. വംശീയത ഉയർന്നുവന്ന ജർമനിയിൽനിന്ന്‌ പലായനംചെയ്‌ത ആൽബർട്ട്‌ ഐൻസ്‌റ്റിന്റെ അനുഭവം നമ്മൾ ഓർക്കണം. വിദ്വേഷത്തിലും ഭേദചിന്തയിലും മുന്നിൽ നിൽക്കുന്ന സമൂഹത്തിൽ ശാസ്‌ത്രജ്ഞർക്കും ചിന്തകർക്കും നിലനിൽപ്പുണ്ടാകില്ലെന്നും -മുഖ്യമന്ത്രി പറഞ്ഞു.

Advertisements

 

നാളെ സമാപിക്കും
മുപ്പത്തിയാറാമത്‌ കേരള ശാസ്ത്ര കോൺഗ്രസ്‌ കാസർകോട്  ഗവ. കോളേജിലെ എം എസ്‌ സ്വാമിനാഥൻ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. പ്രൊഫ. കെ പി സുധീർ അധ്യക്ഷനായി. ശാസ്ത്ര കോൺഗ്രസ് ചെയർമാൻ ചെന്നൈ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. സൗമ്യ സ്വാമിനാഥൻ പരിപാടികൾ വിശദീകരിച്ചു. രസതന്ത്ര നൊബേൽ ജേതാവ്‌ പ്രൊഫ. മോർട്ടൻ പി മെൽഡൽ  മുഖ്യാതിഥിയായി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സംക്ഷിപ്ത വിവരങ്ങൾ അടങ്ങിയ ക്ലൈമറ്റ് സ്റ്റേറ്റ്‌മെന്റ് 2023 രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻ എ നെല്ലിക്കുന്ന് എംഎൽഎക്ക്‌ നൽകി പ്രകാശിപ്പിച്ചു. കലക്ടർ കെ ഇമ്പശേഖർ, ഡോ. വി എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു. 

 

യുവശാസ്ത്രജ്ഞർക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണമെഡൽ കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ശാസ്ത്രജ്ഞൻ ഡോ. എസ് മുരളി, എൻഐഐഎസ്ടി മൈക്രോബയൽ പ്രൊസസ്‌ ആൻഡ് ടെക്‌നോളജി ഡിവിഷൻ ശാസ്ത്രജ്ഞൻ ഡോ. ഹർഷ ബജാജിനുവേണ്ടി ഡോ. കെ ആർ മഹേന്ദ്രൻ എന്നിവർ ഏറ്റുവാങ്ങി. സ്വർണമെഡലും പ്രശസ്തിപത്രവും 50,000 രൂപയുടെ ക്യാഷ് പ്രൈസും 50 ലക്ഷം രൂപയുടെ ഗവേഷണ പ്രോജക്ടുമാണ് പുരസ്കാരം.

കേരള ശാസ്ത്ര പുരസ്‌കാരം പ്രൊഫ. പി കെ  രാമചന്ദ്രൻനായർക്കുവേണ്ടി ഡോ. ശ്യാം വിശ്വനാഥും മികച്ച ശാസ്ത്രജ്ഞനുള്ള പുരസ്കാരം ജലവിഭവ വികസന വിനിയോഗ കേന്ദ്രം പ്രിൻസിപ്പൽ ഡോ. യു സുരേന്ദ്രനും ബാലശാസ്ത്രസാഹിത്യത്തിനുള്ള 2022 ലെ പുരസ്കാരം സാഗാ ജെയിംസും ജനപ്രിയ ശാസ്ത്രസാഹിത്യ പുരസ്‌കാരം ഡോ. ബി ഇക്ബാലും ഏറ്റുവാങ്ങി.  വൈജ്ഞാനിക ശാസ്ത്രസാഹിത്യ പുരസ്‌കാരം സി എം മുരളിധരനും ശാസ്ത്ര പത്രപ്രവർത്തന പുരസ്‌കാരം സീമ ശ്രീലയത്തിനും ശാസ്ത്രഗ്രന്ഥ വിവർത്തന പുരസ്‌കാരം പി സുരേഷ്ബാബുവിനും സമ്മാനിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എസ് പ്രദീപ്കുമാർ സ്വാഗതവും ഡോ. മനോജ് പി സാമുവൽ നന്ദിയും പറഞ്ഞു. ശാസ്‌ത്ര കോൺഗ്രസ്‌ ഞായറാഴ്‌ച സാമാപിക്കും.

Share news