എസ്എഫ്‌ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമം: 15പേർക്കെതിരെ കേസെടുത്തു
കൊച്ചി; മഹാരാജാസ് കോളജിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസിറിനെ കൊലപ്പെടുത്താൻ ശ്രമിച്ച 15പേർക്കെതിരെ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. വധശ്രമം, സംഘംചേര്‍ന്ന് ആക്രമിക്കല്‍ ഉള്‍പ്പെടെ 9 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഫ്രറ്റേണിറ്റി -കെഎസ് യു പ്രവര്‍ത്തകരാണ് കേസില്‍ പ്രതികള്‍.
ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു ക്യാംപസിനകത്തിട്ട് അബ്ദുള്‍ നാസിറിനെ കുത്തിക്കൊലപ്പെടുത്താന്‍ കെഎസ് യു – ഫ്രറ്റേണിറ്റി അക്രമിസംഘം ശ്രമിച്ചത്. ആക്രമണത്തില്‍ നാസിറിന്റെ വയറിനും കൈകാലുകള്‍ക്കുമാണ് കുത്തേറ്റത്. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റു.

എംജി നാടകോത്സവത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനത്തിനിടെയാണ് അക്രമികളെത്തിയത്. കോളേജിലെ ഫ്രറ്റേണിറ്റി നേതാവായ ബിലാല്‍, കെഎസ് യു നേതാവ് അമല്‍ ടോമി എന്നിവരുടെ നേതൃത്വത്തില്‍ അക്രമിസംഘം ക്യാംപസിലെത്തുകയും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയുമായിരുന്നു. കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.

