ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

പാനൂർ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ കൊളവല്ലൂർ പൊലീസ് അറസ്റ്റുചെയ്തു. കൊളവല്ലൂർ കരിയാടൻ വീട്ടിൽ നാണി (66) യെയാണ് ഭർത്താവ് കുഞ്ഞിരാമൻ (72) കൊലപ്പെടുത്താൻ ശ്രമിച്ചത്. ബുധനാഴ്ച പുലർച്ചെ ഒന്നോടെ വീട്ടിലെ കിടപ്പുമുറിയിൽവെച്ചാണ് സംഭവം. മുഖത്തും താടിയെല്ലിനുൾപ്പെടെ വെട്ടേറ്റ നാണിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. അക്രമം തടയാൻ ശ്രമിച്ച നാണിയുടെ സഹോദരിയുടെ മകൻ ബിനീഷി (35)നും വെട്ടേറ്റു. തലയ്‌ക്ക് സാരമായി പരിക്കേറ്റ ബിനീഷിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സാമ്പത്തിക തർക്കമാണെന്ന് പൊലീസ് പറയുന്നു. കൊളവല്ലൂർ പൊലീസ് ഇൻസ്പെക്ടർ കെ സുമിത്തിന്റെ നേതൃത്വത്തിലാണ് അറസ്‌റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

