KOYILANDY DIARY.COM

The Perfect News Portal

കൊല്ലത്ത് വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ അതേ രീതിയില്‍ വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊട്ടാരക്കര വാളകത്ത് ട്യൂഷന്‍ ക്ലാസിലേക്ക് പോകുകയായിരുന്ന 12കാരിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. വാനിലെത്തിയ സംഘം ബലമായി വാഹനത്തിനുള്ളിലേക്ക് പിടിച്ചുകയറ്റാന്‍ ശ്രമിച്ചെന്നും കുതറി രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. 

ബുധനാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് സംഭവം നടന്നത്. എന്നാല്‍ കുട്ടി പറയുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇതേക്കുറിച്ചു വിശദമായ അന്വേഷണം നടത്തി വരികയാണെന്നും കൊട്ടാരക്കര പൊലീസ് പറയുന്നു. റോഡരികത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ അടുത്തെത്തിയപ്പോള്‍ വാന്‍ അടുത്തേക്കു ഓടിച്ചെത്തി. പിന്‍സീറ്റിലിരുന്ന രണ്ടു പുരുഷന്‍മാര്‍ ബാഗിന്റെ വള്ളിയില്‍ പിടിച്ചു വലിച്ചു വാഹനത്തിലേക്കു കയറ്റാന്‍ ശ്രമിച്ചു. 

 

ബാഗ് ഊരി മാറ്റിയതോടെ വാഹനത്തിലെത്തിയവര്‍ ഇതു സമീപത്തേക്കു വലിച്ചെറിഞ്ഞു. പിന്നീട് കൈക്കു പിടിച്ചു ബലമായി വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും കുതറി ഓടി. തുടര്‍ന്ന് ട്യൂഷന്‍ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. കുതറി ഓടിയതോടെ വാഹനം പെട്ടെന്നു പ്രധാന റോഡിലേക്കു കയറി അഞ്ചല്‍ ഭാഗത്തേക്കു പോയതായും കുട്ടി പറയുന്നു. പൊലീസ് സ്ഥലത്തെത്തി സമീപത്തെ സ്ഥാപനങ്ങളില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Advertisements
Share news