KOYILANDY DIARY.COM

The Perfect News Portal

കഠിനംകുളം ആതിര കൊലക്കേസ്; പ്രതിയെ കോട്ടയത്ത് നിന്ന് പിടികൂടി

തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതി പിടിയിൽ. കോട്ടയം കുറിച്ചിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ചിങ്ങവനം പോലീസാണ് പ്രതിയെ പിടികൂടിയത്. നീണ്ടകര ദളവാപുരം സ്വദേശി ജോൺസൺ ആണ് പിടിയിലായത്. വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പ്രതി വിഷം കഴിച്ചോ എന്ന് സംശയമുണ്ട്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടില്‍ ആതിരയെ (30) ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്ത് പകുതിയോളം മുറിഞ്ഞ നിലയിലായിരുന്നു. വീട്ടിലെ സ്‌കൂട്ടറും കാണാതായിട്ടുണ്ട്. കഠിനംകുളം പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ഒരു വര്‍ഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍. ഇന്‍സ്റ്റഗ്രാമിലൂടെ റീലുകള്‍ അയച്ചാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.

 

നേരത്തെ യുവതി ജോണ്‍സനുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്‍സണ്‍ പണം തട്ടിയിരുന്നത്. ഒടുവില്‍ കൂടെ പോകണമെന്ന് ജോണ്‍സണ്‍ യുവതിയോട് പറഞ്ഞു. ഇത് യുവതി വിസമ്മതിച്ചു. ഇത് പകക്ക് കാരണമായെന്നാണ് പൊലീസ് നിഗമനം. കൃത്യം നടക്കുന്ന ദിവസം രാവിലെ ഒൻപതു മണിയോടെ വീട്ടിലെത്തിയ ജോൺസന് യുവതി ചായ കൊടുത്തു. പിന്നീടാണ് യുവതിയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയത്.

Advertisements
Share news