കുറ്റ്യാടിയിൽ പൈതൃകപാത വരുന്നു

കുറ്റ്യാടി: കുറ്റ്യാടിയിൽ 5.7 കോടി രൂപ ചെലവിൽ പൈതൃകപാത വരുന്നു. കുറ്റ്യാടിപ്പുഴയുടെ തീരത്തുകൂടെ ടൗണിലേക്ക് എത്താൻ ഉപകരിക്കുന്ന നിലവിലെ പാത നവീകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ അറിയിച്ചു. ടൂറിസം സാധ്യത പ്രയോജനപ്പെടുത്തി പൈതൃകപാത പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ടൂറിസം ഡയറക്ടർക്ക് മാതൃക സമർപ്പിച്ചിരുന്നു.

പദ്ധതിയിൽ ചില ഭേദഗതി ആവശ്യമാണെന്ന് നിർദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഭേദഗതി ചെയ്ത് ടൂറിസം വകുപ്പിലേക്ക് അയക്കാൻ വടകര റസ്റ്റ് ഹൗസിൽ ചേർന്ന ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, യുഎൽസിസി പ്രതിനിധികൾ എന്നിവരുടെ യോഗം തീരുമാനമെടുത്തു.

പൈതൃകപാത സൗന്ദര്യവൽക്കരണം, ഭക്ഷണശാലകളുടെ നിർമാണം, ടോയ്‌ലറ്റ് ബ്ലോക്കും ഡ്രെയ്‌നേജ് കം യൂട്ടിലിറ്റി സൗകര്യവും, മതിലുകൾ, ലാൻഡ്സ്കേപ്പ് പ്രവൃത്തികൾ, പാതയ്ക്കരുകിൽ ലൈറ്റുകൾ സ്ഥാപിക്കൽ, നിലവിലെ ചിൽഡ്രൻസ് പാർക്ക് നവീകരണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മേഖല മികച്ച ഉല്ലാസ കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷയെന്നും വേഗത്തിൽ അംഗീകാരം നൽകണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസിനോട് അഭ്യർത്ഥിച്ചതായും എംഎൽഎ പറഞ്ഞു.
