KOYILANDY DIARY

The Perfect News Portal

എഐ കോൺക്ലേവിൽ ബഹിരാകാശ യാത്രികൻ സ്റ്റീവ്‌ സ്‌മിത്തും എത്തുന്നു

കൊച്ചി: എഐ കോൺക്ലേവിൽ ബഹിരാകാശ യാത്രികൻ സ്റ്റീവ്‌ സ്‌മിത്തും പങ്കെടുക്കും. സംസ്ഥാന സർക്കാരും അന്താരാഷ്‌ട്ര ഐടി കമ്പനിയായ ഐബിഎമ്മും ചേർന്ന്‌ കൊച്ചിയിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജെൻ എഐ കോൺക്ലേവിൽ പങ്കെടുക്കാൻ ബഹിരാകാശയാത്രികനും നാസ മുൻ ഉദ്യോഗസ്ഥനുമായ സ്റ്റീവ്‌ സ്‌മിത്തും. നാലുതവണ ബഹിരാകാശദൗത്യം നടത്തിയിട്ടുള്ള സ്റ്റീവ്‌ അതിഥിപ്രഭാഷകനായാണ്‌ എത്തുന്നത്‌.

Advertisements

നാസപോലുള്ള സ്ഥാപനങ്ങൾ വലിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നടത്തിയിട്ടുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും താൻ നടത്തിയ ബഹിരാകാശയാത്രയിലെ വെല്ലുവിളികളെക്കുറിച്ചുമായിരിക്കും പ്രഭാഷണം. 11, 12 തീയതികളിൽ ബോൾഗാട്ടിയിലെ ഗ്രാൻഡ്‌ ഹയാത്തിലാണ്‌ രാജ്യത്തിന്റെതന്നെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞ കോൺക്ലേവ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌.

 

മികച്ച ഫുട്‌ബോളർമാരെ കണ്ടെത്താൻ നിർമിത ബുദ്ധി സഹായം പ്രയോജനപ്പെടുത്തുന്ന സ്പെയിനിലെ പ്രധാന ക്ലബ്ബുകളിലൊന്നായ സെവിയയുടെ ഡാറ്റ വിഭാഗം മേധാവി ഡോ. എലിയാസ് സമോറ സില്ലെയ്റോ കോൺക്ലേവിലെ മറ്റൊരു സവിശേഷസാന്നിധ്യമാകും. ക്ലബ്ബിന്റെ മാനദണ്ഡപ്രകാരമുള്ള കളിക്കാരുടെ ബയോഡാറ്റ എഐ ഉപയോഗിച്ച്‌ വിശകലനംചെയ്‌ത്‌ കണ്ടെത്തുന്ന രീതിയാണ്‌ അവിടെയുള്ളത്‌.

Advertisements

 

കായികലോകത്ത്‌ നിർമിത ബുദ്ധി സൃഷ്ടിക്കാൻപോകുന്ന മാറ്റങ്ങളെക്കുറിച്ചാകും എലിയാസ് സമോറ വിശദീകരിക്കുക.  മുഖ്യമന്ത്രി പിണറായി വിജയൻ 11ന്‌ ഉദ്‌ഘാടനം ചെയ്യുന്ന കോൺക്ലേവിൽ അന്താരാഷ്‌ട്ര പ്രശസ്‌തരായ ഐടി വിദഗ്‌ധരുടെയും പ്രൊഫഷണലുകളുടെയും വൻനിരതന്നെ പങ്കെടുക്കും.